ബാര്‍ കോഴ: അന്വേഷണം പൂര്‍ത്തിയായി; അന്തിമറിപ്പോര്‍ട്ട് വൈകില്ലെന്നു വിജിലന്‍സ്
ബാര്‍ കോഴ: അന്വേഷണം പൂര്‍ത്തിയായി;  അന്തിമറിപ്പോര്‍ട്ട് വൈകില്ലെന്നു വിജിലന്‍സ്
Saturday, May 30, 2015 12:20 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ധനമന്ത്രി കെ.എം. മാണിക്കെതിരേയുള്ള ബാര്‍ കോഴ ആരോപണത്തില്‍ അന്വേഷണം പൂര്‍ത്തിയായതായി വിജിലന്‍സ് കോടതിയെ അറിയിച്ചു. അന്തിമ റിപ്പോര്‍ട്ട് എത്രയും വേഗം കോടതിയില്‍ സമര്‍പ്പിക്കുമെന്നും എന്നാല്‍, എപ്പോള്‍ സമര്‍പ്പിക്കാന്‍ കഴിയുമെന്നു പറയാന്‍ കഴിയില്ലെന്നും വിജിലന്‍സ് നിയമോപദേശകന്‍ വി.വി. അഗസ്റിന്‍ കോടതിയെ അറിയിച്ചു. അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നിയമോപദേശത്തിനു സമര്‍പ്പിച്ച സാഹചര്യത്തില്‍ കേസ് ഇനി തന്റെ പരിധിയില്‍ അല്ലെന്ന് അന്വേഷണത്തിനു നേതൃത്വം നല്‍കിയ എസ്പി ആര്‍. സുകേശനും വിജിലന്‍സ് കോടതിയെ അറിയിച്ചു.

മന്ത്രിക്കെതിരേ നടക്കുന്ന വിജിലന്‍സ് അന്വേഷണം കോടതിയുടെ പൂര്‍ണനിയന്ത്രണത്തില്‍ നടത്തണമെന്നാവശ്യപ്പെട്ടു പരാതിക്കാരനായ ബിജു രമേശ് നല്‍കിയ ഹര്‍ജി കോടതി പരിഗണിച്ചപ്പോഴാണു വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയായ കാര്യം വി.വി. അഗസ്റിന്‍ കോടതിയെ അറിയിച്ചത്. അന്വേഷണം പൂര്‍ത്തിയായതായി ഈ സമയം കോടതിയില്‍ ഉണ്ടായിരുന്ന ആര്‍. സുകേശനും അറിയിച്ചു. റിപ്പോര്‍ട്ട് നിയമോപദേശത്തിനു സമര്‍പ്പിച്ചു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ഉന്നത ഉദ്യോഗസ്ഥരാണ് കോടതിയില്‍ അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്. നിയമോപദേശം സ്വീകരിച്ച ശേഷം വിജിലന്‍സ് ഡയറക്ടറാകും അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുക. 300- ലേറെപ്പേരില്‍നിന്നു വിജിലന്‍സ് അന്വേഷണസംഘം മൊഴിയെടുത്തിരുന്നു. ബാറുടമ ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ നുണപരിശോധനയും നടത്തി. അന്വേഷണവിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നതു വിവാദമായതിനെത്തുടര്‍ന്ന് വിജിലന്‍സ് നടപടികളെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.