വികസനസ്വപ്നങ്ങള്‍ പങ്കുവച്ച് മുഖ്യമന്ത്രി
വികസനസ്വപ്നങ്ങള്‍ പങ്കുവച്ച് മുഖ്യമന്ത്രി
Wednesday, April 24, 2013 11:22 PM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: വികസനത്തിന്റെ വിവിധ തലങ്ങളെ സ്പര്‍ശിച്ച ചോദ്യങ്ങള്‍ യുവജനങ്ങളില്‍നിന്ന് ഉണ്ടായപ്പോള്‍ പയറ്റിത്തെളിഞ്ഞ ചേകവരുടെ വിരുതോടെ, ഭാവി കേരളത്തിന്റെ വികസന സ്വപ്നങ്ങള്‍ പങ്കുവച്ചു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ശ്രദ്ധാകേന്ദ്രമായി.

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിച്ച വിഷന്‍ 2030, യുവജനങ്ങളുടെ സാന്നിധ്യം കൊണ്ടും അവരുടെ ചോദ്യശരങ്ങളെ ഉചിതമായി പ്രതിരോധിച്ച മുഖ്യമന്ത്രിയുടെ വാക്ചാതുര്യം കൊണ്ടും ദീപ്തമായിരുന്നു. പരിസ്ഥിതിയും സ്ത്രീസുരക്ഷയും അതിവേഗ റെയില്‍പ്പാതകളും ഹൈടെക്ക് കൃഷി രീതികളും എന്നിങ്ങനെ വിവിധ വിഷയങ്ങള്‍ സംവാദത്തിനെത്തിയപ്പോള്‍ ഒരുമണിക്കൂറിലേറെ കേരളത്തിന്റെ മുഖ്യമന്ത്രി വികസനത്തെക്കുറിച്ചു വാചാലനായി. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നുമെത്തിയ അന്‍പതോളം വിദ്യാര്‍ഥികളാണു ഇന്നലെ തൈക്കാട് ഗസ്റ്റ് ഹൌസിനു മുന്നിലെ പുല്‍ത്തകിടിയില്‍ ഉമ്മന്‍ ചാണ്ടിയുമായി സംവാദത്തിലേര്‍പ്പെട്ടത്.

പ്രകൃതിയെ മറന്നുള്ള വികസനത്തെക്കുറിച്ചുള്ള ചോദ്യങ്ങളാണു മുഖ്യമന്ത്രിക്ക് അധികവും നേരിടേണ്ടി വന്നത്. വയനാട്ടിലെ വനത്തിലൂടെയുള്ള പാതയും കാട് നശിപ്പിച്ചുകൊണ്ട് ഉയര്‍ന്നുപൊങ്ങുന്ന കോണ്‍ക്രീറ്റ് മണിമാളികകളും കേരളത്തിന്റെ വികസനത്തിനു ചേര്‍ന്നതാണോ എന്ന ചോദ്യത്തിനു മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെയായിരുന്നു. വികസനം ഇന്നത്തെ ആവശ്യമാണ്. പരിസ്ഥിതി സംരക്ഷണം നാളത്തെ ആവശ്യവും. പ്രകൃതിയെ നശിപ്പിച്ചുകൊണ്ടുള്ള ഒരു വികസനവും തന്റെ കാഴ്ചപ്പാടിലുള്ളതല്ല. താന്‍ അതിനു കൂട്ടുനില്‍ക്കില്ല. ഇത്രയും കേട്ടപ്പോള്‍ തന്നെ നിലയ്ക്കാത്ത ഹര്‍ഷാരവമാണു മുഖ്യമന്ത്രിക്കു ലഭിച്ചത്.


നാട്ടിലെ വികസനത്തെ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്കു ശേഷം മുഖ്യമന്ത്രിയുടെ വിജയരഹസ്യത്തെപ്പറ്റിയുള്ള അന്വേഷണങ്ങളായിരുന്നു പിന്നീടു ഉയര്‍ന്നുകേട്ടത്. ദൃഢതയും സാമാന്യബുദ്ധിയുമാണു ഒരു പൊതുപ്രവര്‍ത്തകനു വേണ്ട അവശ്യ ഗുണങ്ങളെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉപദേശം. തനിക്കുള്ള അറിവ് ലഭിക്കുന്നത് ജനങ്ങളില്‍ നിന്നുമാണെന്നു കുടി കേട്ടതോടെ മുഖ്യമന്ത്രിക്കു വീണ്ടും കൈയടി.

സര്‍ക്കാരിന്റെ വരുമാനത്തിന്റെ ഭൂരിഭാഗം തുകയും ജീവനക്കാര്‍ക്കുള്ള ശമ്പളമായും പെന്‍ഷനായും ബാക്കിയുള്ളത് കടം വാങ്ങിയതില്‍ നല്‍കാനുള്ള പലിശയായുമാണു ചെലവാകുന്നതെന്ന പരിഭവവും മുഖ്യമന്ത്രി യുവജനങ്ങള്‍ക്കു മുന്നില്‍ പങ്കുവച്ചു. അടിസ്ഥാന സൌകര്യങ്ങള്‍ ഇല്ലാത്തതാണു കേരളത്തിന്റെ വികസനത്തിനു തടസമായി നില്‍ക്കുന്നതെന്നും സാങ്കേതിക വിദ്യാഭ്യാസ രംഗത്തു നാം ഇന്നു ഏറെ പിന്നിലാണെന്നും അദ്ദേഹം പറഞ്ഞു.

സമര്‍ഥരായ ചെറുപ്പക്കാരെ തന്റെ മന്ത്രിസഭയിലെ മന്ത്രിമാരുടെ പേഴ്സണല്‍ സ്റാഫംഗങ്ങളായി ഓരോ വര്‍ഷവും നിയമിക്കുമെന്ന പ്രഖ്യാപനം ഉടന്‍ നടപ്പിലാക്കുമെന്നും വിഷന്‍ 2030ല്‍ എത്തുന്ന മുഴുവന്‍ ചോദ്യങ്ങള്‍ക്കും താന്‍ മറുപടി നല്‍കുമെന്നും ഉറപ്പുനല്‍കിയതിനു ശേഷമാണു ഉമ്മന്‍ ചാണ്ടി യുവജനങ്ങളുമായുള്ള സംവാദം അവസാനിപ്പിച്ചത്. യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.എസ്. പ്രശാന്ത് അധ്യക്ഷനായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.