മുഖപ്രസംഗം: മനുഷ്യനു ജീവിക്കാന്‍ ഭൂമിയെ സ്നേഹിക്കുക
Wednesday, April 24, 2013 10:19 PM IST
മറ്റൊരു ഭൌമദിനംകൂടി കടന്നുപോയി. ഇടിച്ചുനിരത്തിയ കുന്നുകളും ഇലകൊഴിഞ്ഞു കരിഞ്ഞുണങ്ങിയ മരങ്ങളും പ്രകൃതിയുടെ ദയനീയഭാവങ്ങളൊക്കെയും പകര്‍ത്തിയ ചിത്രങ്ങളും റിപ്പോര്‍ട്ടുകളുമായി മാധ്യമങ്ങളും ആ ദിനം ആചരിച്ചു. അപ്പോഴും ലോകത്തിന്റെ നാനാഭാഗങ്ങളിലും മണ്ണെടുപ്പും മണലൂറ്റും ജലചൂഷണവും ഹരിതവാതക ബഹിര്‍ഗമനവുമൊക്കെ നിര്‍ബാധം തുടര്‍ന്നുകൊണ്ടിരുന്നു. എങ്കിലും ഭൂമിയെക്കുറിച്ചും അതു മനുഷ്യനു നല്കുന്ന സംരക്ഷണത്തെക്കുറിച്ചും ചിന്തിക്കാന്‍ ഇതൊരവസരമായിട്ടുണ്ട്. വെള്ളവും വായുവുമൊക്കെ എല്ലാ ജീവജാലങ്ങള്‍ക്കും ശുദ്ധമായും സമൃദ്ധമായും ലഭിക്കണമെന്ന് ആഗ്രഹിക്കാത്തവരില്ല. എന്നാല്‍, ഗുരുതരമായ പ്രകൃതിചൂഷണം വരുംതലമുറകള്‍ക്കു ജീവിക്കാനാവാത്ത സാഹചര്യമാണു ഭൂമിയില്‍ വരുത്തിത്തീര്‍ക്കുന്നതെന്ന വസ്തുത നാം വിസ്മരിക്കുന്നു. ശാസ്ത്രലോകം ഇതുസംബന്ധിച്ചു വ്യക്തമായ മുന്നറിയിപ്പുകള്‍ നിരവധി തവണ തന്നുകഴിഞ്ഞു. എന്നിട്ടും പ്രകൃതിയെ അമിതമായി ചൂഷണം ചെയ്തു സ്വന്തം കാര്യം സുരക്ഷിതമാക്കാനാണ് ഒട്ടുമിക്കവരുടെയും വ്യഗ്രത.

മനുഷ്യകുലത്തിന് ആവശ്യമുള്ളതെല്ലാം അനാദികാലംമുതലേ പ്രകൃതി കനിഞ്ഞു നല്കിയിട്ടുണ്ട്. എന്നാല്‍, അവ ഉപയോഗിക്കുന്നതിലും സംരക്ഷിക്കുന്നതിലും മനുഷ്യന്‍ വേണ്ടത്ര ജാഗ്രതയോ മിതത്വമോ പാലിക്കാത്തതാണു പ്രശ്നങ്ങള്‍ക്കെല്ലാം കാരണം. അതിന്റെ പ്രത്യാഘാതങ്ങള്‍ പ്രകൃതിയിലും പ്രതിഫലിക്കുന്നു. ആഗോളതാപനമാണ് ലോകം ഇന്നഭിമുഖീകരിക്കുന്ന വലിയൊരു ദുരിത പ്രതിഭാസം. ലോകത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും ചൂടു കൂടിവരുന്നു. അന്തരീക്ഷവായുവിലെ കാര്‍ബണ്‍ഡയോക്സൈഡിന്റെ അളവ് നൂറ്റാണ്ടുകളായി ഏറെക്കുറെ സ്ഥിരമായിരുന്നു. അതിനനുസൃതമായി ശരാശരി ഉപരിതല താപനിലയും വലിയ ഏറ്റക്കുറച്ചിലില്ലാതെ നിലനിന്നു. എന്നാല്‍, അതിവേഗ വികസനത്തിന്റെ അനന്തരഫലമെന്നോണം അന്തരീക്ഷത്തില്‍ കാര്‍ബണ്‍ഡയോക്സൈഡിന്റെ അളവ് ക്രമാതീതമായി വര്‍ധിച്ചു. കല്‍ക്കരി, പെട്രോള്‍ എന്നിവയുടെ ഉയര്‍ന്ന നിരക്കിലുള്ള ഉപയോഗം, വനനശീകരണം, വ്യവസായശാലകളില്‍നിന്നുള്ള മാലിന്യം ഇവയൊക്കെ ഇതിനു കാരണമാണ്. മലിനീകരണത്തിന്റെ തോതു വര്‍ധിച്ചതോടെ അന്തരീക്ഷത്തില്‍ മാത്രമല്ല ഭൂമിയിലെ സകല ജീവജാലങ്ങളിലും അതിന്റെ പ്രത്യാഘാതങ്ങളുണ്ടായി. ധ്രുവപ്രദേശങ്ങളിലെ മഞ്ഞുരുകലിന്റെ തീവ്രത വര്‍ധിച്ചു. സമുദ്രജലനിരപ്പുയരാന്‍ ഇതു കാരണമായി.

ആഗോള താപനത്തിന്റെ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ മനസിലാക്കിയ ശാസ്ത്രസമൂഹം പല മുന്‍കരുതലുകളും നിര്‍ദേശിക്കുന്നുണ്ട്. ഊര്‍ജസ്രോതസുകളുടെ പുനരുപയോഗം, ജൈവഇന്ധനങ്ങളുടെ നിര്‍മിതി, വനവത്കരണം, വ്യവസായശാലകളില്‍നിന്നുള്ള മാലിന്യങ്ങളുടെ സംസ്കരണം തുടങ്ങിയ മുന്‍കരുതലുകളെടുക്കാന്‍ പതിറ്റാണ്ടുകളായി ശാസ്ത്രസമൂഹം ലോകത്തെ ആഹ്വാനം ചെയ്യുന്നുണ്ട്. ഇക്കാര്യത്തില്‍ ആഗോളതലത്തിലുള്ള ചില നയങ്ങളും പരിപാടികളും നിയന്ത്രണങ്ങളും ആവശ്യമാണ്. ആധുനിക ശാസ്ത്രസങ്കേതങ്ങള്‍ ഏറെ വളര്‍ച്ച പ്രാപിച്ച സാഹചര്യത്തില്‍ ഇത്തരം കാര്യങ്ങളിലുള്ള ആശയവിനിയമം എളുപ്പവുമാണ്. എന്നിരുന്നാലും ചര്‍ച്ചയും ഗവേഷണങ്ങളും പഠനങ്ങളും മാത്രമേ കാര്യമായി നടക്കുന്നുള്ളൂ.


കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ചു പഠിക്കാന്‍ ഐക്യരാഷ്ട്രസഭ ഏറെ താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് 1992ല്‍ ബ്രസീല്‍ തലസ്ഥാനമായ റിയോ ഡി ഷാനേറോയില്‍ ഭൌമ ഉച്ചകോടി നടന്നത്. ആഗോളതാപനം നിയന്ത്രിക്കുന്നതിനുള്ള ഉടമ്പടി ലോകരാഷ്ട്രങ്ങള്‍ക്കു മുമ്പാകെ അന്നാണ് അവതരിപ്പിക്കപ്പെട്ടത്. പിന്നീട് 1997ല്‍ ജപ്പാനിലെ ക്യോട്ടോയില്‍ നടന്ന ഉച്ചകോടിയും കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്നതിന് ചില ഉറച്ച നിലപാടുകള്‍ സ്വീകരിച്ചു. കാലാവസ്ഥാ വ്യതിയാനത്തിന് ഇടവരുത്തുന്ന ഹരിതാലയവാതകങ്ങള്‍ പുറത്തുവിടുന്നതു കുറയ്ക്കാന്‍ അന്നു ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ധാരണയായിരുന്നു. എന്നാല്‍ ക്യോട്ടോ പ്രഖ്യാപനം ഫലപ്രദമായി നടപ്പാക്കാന്‍ പല രാജ്യങ്ങള്‍ക്കും കഴിഞ്ഞിട്ടില്ല.

196 രാജ്യങ്ങള്‍ ഒപ്പുവച്ച ക്യോട്ടോ ഉടമ്പടിയനുസരിച്ച് ഓരോ രാജ്യവും ഹരിതാലയ വാതകപ്രസരണം ഗണ്യമായി കുറയ്ക്കേണ്ടതുണ്ട്. വികസിത രാജ്യങ്ങളാണ് ഇവ കൂടുതലായി പുറംതള്ളുന്നത്. പക്ഷേ, അന്തരീക്ഷ മലിനീകരണത്തിന്റെ പഴി അവര്‍ വികസ്വര രാജ്യങ്ങളുടെയും ദരിദ്രരാജ്യങ്ങളുടെയും തലയില്‍ വച്ചുകെട്ടുകയാണ്. ലോകനേതാക്കള്‍ തങ്ങളുടെ സങ്കുചിത താത്പര്യങ്ങള്‍ മാറ്റിവച്ച് ഇത്തരം വിഷയങ്ങളില്‍ ഇടപെട്ടില്ലെങ്കില്‍ വലിയ പ്രതിസന്ധിയിലേക്കാകും ലോകസമൂഹം നീങ്ങുക. പിന്നീട് കോപ്പന്‍ഹേഗനില്‍ നടന്ന ഉച്ചകോടിയിലും ഇതു സംബന്ധിച്ച ചര്‍ച്ചകളും പ്രഖ്യാപനങ്ങളും ആവര്‍ത്തിച്ചു.

വന്‍ സാമ്പത്തിക മുന്നേറ്റം നടത്തുന്ന ചൈനയാണ് ആഗോളതാപനത്തിനു കാരണമായ ഹരിതാലയ വാതകങ്ങള്‍ പുറന്തള്ളുന്നതില്‍ ഒന്നാമതു നില്ക്കുന്നത്. അമേരിക്ക രണ്ടാം സ്ഥാനത്തും. വ്യാവസായികമായും സാമ്പത്തികമായും മുന്നേറിയ രാജ്യങ്ങള്‍ തങ്ങളുടെ വികസനത്തിന്റെ ഭാഗമായി ആഗോള പരിസ്ഥിതിക്കേല്പിച്ച ആഘാതത്തിനു നഷ്ടപരിഹാരം നല്കാന്‍ ബാധ്യസ്ഥരാണെന്നാണ് വികസ്വര, അവികസിത രാജ്യങ്ങളുടെ വാദം. തങ്ങളുടെ സമ്പദ്ഘടനയെ ബാധിക്കാത്തവിധം പരിസ്ഥിതികാര്യങ്ങളില്‍ നിലപാടെടുക്കുന്ന വന്‍ശക്തികള്‍ ലോകത്തെ വികസ്വര രാജ്യങ്ങളുടെയും ദരിദ്രരാജ്യങ്ങളുടെയുംമേല്‍ തങ്ങളുടെ വികസനത്തിന്റെ വിഴുപ്പ് തള്ളിയിടുകയാണ്.

കാലാവസ്ഥാ വ്യതിയാനത്തിന്റെ തിക്തഫലങ്ങള്‍ കേരളത്തിലേക്കും വളരെ വേഗം കടന്നുവരുന്നു. സൂര്യാഘാതം എന്തെന്ന് ഇത്തവണ നാം കൂടുതലായി മനസിലാക്കി. മിതോഷ്ണ കാലാവസ്ഥയും ജലസമൃദ്ധിയും ആസ്വദിച്ചിരുന്ന കേരളീയര്‍ ഇന്ന് കൊടുംചൂടും ജലക്ഷാമവും നേരിടുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ വ്യാപകമായ ദൂഷ്യഫലങ്ങള്‍ക്ക് നാം ഓരോരുത്തരുടെയും സംഭാവനകളുമുണ്ട്. ഒഴിവാക്കാവുന്ന പല പ്രകൃതിനാശങ്ങളും തടയാന്‍ നാം സജ്ജമാകണം. ഭൌമദിനാചരണങ്ങള്‍ ഭൂമിയെ സ്നേഹിക്കാനും സംരക്ഷിക്കാനുമുള്ള പുതിയ പാഠങ്ങള്‍ നമുക്കു നല്‍കുമെങ്കില്‍ നന്നായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.