കേരള മുനിസിപ്പാലിറ്റി ഭേദഗതി, വിനോദനികുതി ഭേദഗതി ബില്ലുകളും സബ്ജക്ട് കമ്മിറ്റിക്ക്
Tuesday, April 2, 2013 11:33 PM IST
തിരുവനന്തപുരം: പാര്‍ട്ട്ടൈം ജീവനക്കാര്‍ക്കും ഓണറേറിയം പറ്റുന്നവര്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു മത്സരിക്കുന്നതിന് അയോഗ്യത കല്പിക്കുന്ന 2013ലെ കേരള മുനിസിപ്പാലിറ്റി (രണ്ടാംഭേദഗതി) ബില്‍, കേരള സാംസ്കാരിക ക്ഷേമനിധിയിലേക്കായി 25 രൂപയില്‍ കവിയുന്ന സിനിമാ ടിക്കറ്റുകളില്‍ നിന്നു മൂന്നു രൂപവരെ സെസ് ഈടാക്കുന്നതിനുള്ള 2013ലെ കേരള തദ്ദേശ അധികാരസ്ഥാന വിനോദനികുതി ഭേദഗതി ബില്‍ എന്നിവ നിയമസഭാ സബ്ജകട് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിട്ടു.

1994ലെ കേരള മുനിസിപ്പാലിറ്റി ആക്ടിലെ 86-ാം വകുപ്പിലാണു ഭേദഗതി വരുത്തുന്നത്. ആക്ട് അനുസരിച്ചു ഡീലിമിറ്റേഷന്‍ കമ്മീഷന്‍ വാര്‍ഡ് വിഭജനവും അവയുടെ അതിര്‍ത്തി നിര്‍ണയവും സംബന്ധിച്ചു പുറപ്പെടുവിക്കുന്ന ഏതൊരു ഉത്തരവും ഗസറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും ബില്‍ വ്യവസ്ഥ ചെയ്യുന്നു.

ഇപ്രകാരം പ്രസിദ്ധീകരിക്കുന്ന ഉത്തരവിന് നിയമപ്രാബല്യവും ഉണ്ടായിരിക്കും. 1999 ഒക്ടോബര്‍ 15 മുതല്‍ 2008 ഡിസംബര്‍ 31 വരെ നടത്തിയിട്ടുള്ള അനധികൃത കെട്ടിട നിര്‍മാണങ്ങള്‍ നിബന്ധനയ്ക്കു വിധേയമായി ക്രമവത്കരിച്ചു നല്‍കാനും ബില്‍ വ്യവസ്ഥ ചെയ്യുന്നു.


കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, കോര്‍പറേഷനുകള്‍, സര്‍ക്കാരുകള്‍ക്കോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കോ 51 ശതമാനത്തില്‍ കുറയാതെ ഓഹരിയുള്ള കമ്പനികള്‍, ബോര്‍ഡുകള്‍, സര്‍വകലാശാലകള്‍ തുടങ്ങിയിവയിലെ പാര്‍ട്ട്ടൈം ജീവനക്കാര്‍ക്കും ഇവയിലേതെങ്കിലും സ്ഥാപനത്തില്‍നിന്ന് ഓണറേറിയം പറ്റുന്നവര്‍ക്കും മുനിസിപ്പാലിറ്റിയിലെ കൌണ്‍സിലറായി തെരഞ്ഞെടുക്കുന്നതിന് യോഗ്യത ഉണ്ടാകില്ല.

വിനോദനികുതി ഭേദഗതി ബില്‍ മന്ത്രി മഞ്ഞളാംകുഴി അലിയാണ് അവതരിപ്പിച്ചത്. വിനോദങ്ങള്‍ക്ക് അല്ലെങ്കില്‍ വിനോദം നടത്തുന്ന സ്ഥലങ്ങളിലേക്കു പ്രവേശനം ഇലക്ട്രോണിക് രൂപത്തിലുള്ള ടിക്കറ്റോടുകൂടി മാത്രമേ നടത്താന്‍ പാടുള്ളൂവെന്ന് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.

ഇലട്രോണിക് രൂപത്തിലുള്ള ബില്‍ ഉത്പാദിപ്പിക്കുന്നതിനുള്ള ഹാര്‍ഡ് വെയറും ആപ്ളിക്കേഷന്‍ സോഫ്റ്റ്വെയറുമുള്ള ഇലക്ട്രോണിക് ഉപകരണം സ്ഥാപിക്കുന്നതിനും ഇതിന്റെ പരിപാലനത്തിനുമുള്ള സര്‍വീസ് ചാര്‍ജ് നിശ്ചയിക്കുന്നതിനുള്ള അധികാരം സര്‍ക്കാരിനായിരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.