തൃശൂര്‍: കലാകാരന്‍മാരുടെ സംഘടനയായ നന്മ ഏര്‍പ്പെടുത്തിയ സി.വി.ശ്രീരാമന്‍ സ്മാരക കഥാപുരസ്കാരത്തിന് മംഗളം കൊച്ചി യൂണിറ്റ് സബ് എഡിറ്റര്‍ എം.ഐ.ബൈജു അര്‍ഹനായി. ഖസാക്കിന്റെ ഇതിഹാസത്തിന് മുകളിലൊരു പാമ്പ് എന്ന കഥയാണ് അവാര്‍ഡിന് അര്‍ഹമായത്. രാജീവ് ജി ഇടവ രചിച്ച ക്രൈം 2011 എന്ന കഥ രണ്ടാംസ്ഥാനത്തിനും രാജേഷ് നാരായണന്‍ രചിച്ച ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസ് അമ്മൂമ്മയുടെ വീട്ടില്‍ എന്ന കഥ മൂന്നാംസ്ഥാനത്തിനും അര്‍ഹമായി. 30ന് സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തില്‍ അവാര്‍ഡുകള്‍ സമ്മാനിക്കുമെന്ന് നന്മ ജില്ലാ പ്രസിഡന്റ് ബെന്നി സാരഥി, ജില്ലാ സെക്രട്ടറി രവി കേച്ചേരി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആലങ്കോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. വൈശാഖന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. വൈശാഖന്‍ അഷ്ടമൂര്‍ത്തി, കെ.എ.മോഹന്‍ദാസ് എന്നിവരായിരുന്നു ജഡ്ജിംഗ് കമ്മിറ്റി അംഗങ്ങള്‍.