മുൻ ചൈനീസ് ജനറലിനു ജീവപര്യന്തം
മുൻ ചൈനീസ് ജനറലിനു ജീവപര്യന്തം
Monday, July 25, 2016 11:34 AM IST
ബെയ്ജിംഗ്: കൈക്കൂലിക്കേസിൽ മുൻപോളിറ്റ് ബ്യൂറോ അംഗവും ചൈനീസ് സെൻട്രൽ മിലിറ്ററി കമ്മീഷൻ മുൻവൈസ്ചെയർമാനുമായ ജനറൽ ഗുവോ ബോക്സിയോംഗിന്(74) സൈനിക കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. അദ്ദേഹത്തിന്റെ പദവികൾ നീക്കം ചെയ്യുകയും രാഷ്ര്‌ടീയ അവകാശങ്ങൾ റദ്ദാക്കുകയും ചെയ്തു.

അനധികൃതമായി ഗുവോ സമ്പാദിച്ച സ്വത്തുക്കൾ കണ്ടുകെട്ടി ഖജനാവിലേക്കു മുതൽകൂട്ടി. കീഴുദ്യോഗസ്‌ഥർക്കു സ്‌ഥാനക്കയറ്റവും സ്‌ഥലംമാറ്റവും തരപ്പെടുത്താൻ ഗുവോ വൻതുക കൈക്കൂലി വാങ്ങിയെന്നാണു പ്രോസിക്യൂഷൻ കേസ്. ഗുവോയും കുടുംബാംഗങ്ങളും ഒരുകോടിയിലധികം ഡോളർ കോഴയിനത്തിൽ കൈപ്പറ്റി.


സെൻട്രൽ മിലിറ്ററി കമ്മീഷന്റെ മറ്റൊരു വൈസ് ചെയർമാനായിരുന്ന ജനറൽ സു കയിഹുവിനെയും ഇത്തരത്തിൽ കുറ്റം ചുമത്തി വിചാരണ ചെയ്തിരുന്നു. കാൻസർ ബാധിതനായ അദ്ദേഹം വിചാരണ പൂർത്തിയാവുംമുമ്പു മരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.