ആകാശപ്പറവകളുടെ കൂട്ടുകാരൻ കുറ്റിക്കലച്ചൻ യാത്രയായി
Wednesday, December 20, 2017 3:39 PM IST
കൊച്ചി: അഭയവും ആശ്രയവുമില്ലാതെ തെരുവിൽ അലയുന്ന ആയിരങ്ങൾക്ക് അഭയസ്ഥാനമായ ആകാശപ്പറവകളുടെ കൂട്ടുകാർ (ഫ്രണ്ട്സ് ഓഫ് ദ ബേർഡ്സ് ഓഫ് ദ എയർ - എഫ്ബിഎ) ജീവകാരുണ്യ പ്രസ്ഥാനത്തിന്റെ സ്ഥാപകനും ദിവ്യകാരുണ്യ മിഷനറി (എംസിബിഎസ്) സന്യാസ സമൂഹാംഗവുമായ ഫാ. ജോർജ് കുറ്റിക്കൽ (67) അന്തരിച്ചു. ഇന്നലെ പുലർച്ചെ 1.50നു മലയാറ്റൂരിലെ എംസിബിഎസ് മാർ വാലാഹ് ആശ്രമത്തിലായിരുന്നു അന്ത്യം. സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച രാവിലെ 9.30നു കോട്ടയം കൊല്ലാട് കടുവാക്കുളത്തുള്ള എംസിബിഎസ് പ്രൊവിൻഷൽ ഹൗസിൽ നടക്കും.
കരൾസംബന്ധമായ രോഗത്തെത്തുടർന്നു ദീർഘനാളായി ചികിത്സയിലായിരുന്നു. അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള ഭൗതികശരീരം ഇന്നു വൈകുന്നേരം ആറിനു മലയാറ്റൂരിലെ മാർ വാലാഹ് ആശ്രമത്തിലെത്തിക്കും. നാളെ വൈകുന്നേരം അഞ്ചുവരെ ഇവിടെ പൊതുദർശനമുണ്ടാകും.
1980 മുതൽ തെരുവിലലയുന്നവർക്കും പാവങ്ങൾക്കുമായി മാറ്റിവച്ചതാണ് അദ്ദേഹത്തിന്റെ ജീവിതം. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ എംസിബിഎസ് സമൂഹം 1994 ജനുവരി 18ന് ആകാശപ്പറവകളുടെ കൂട്ടുകാരുടെ ആശ്രമങ്ങൾക്കു തുടക്കമിട്ടു. തൃശൂർ പീച്ചിക്കടുത്തു ചെന്നായിപ്പാറയിൽ തുടങ്ങിയ ദിവ്യഹൃദയാശ്രമമാണ് ആദ്യകേന്ദ്രം. വിശുദ്ധ മദർ തെരേസയാണു കേന്ദ്രം ഉദ്ഘാടനം ചെയ്തത്.
കേരളത്തിനകത്തും പുറത്തുമായി നൂറിലധികം ആശ്രമങ്ങളുണ്ട്. ആയിരക്കണക്കിന് അഗതികൾ ഈ ആശ്രമങ്ങളിൽ അല്ലലില്ലാതെ കഴിയുന്നു. കേരളത്തിൽ എറണാകുളം, തൃശൂർ, കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്, പാലക്കാട്, മലപ്പുറം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലും ഡൽഹി, ജമ്മു, ബിഹാർ, തെലുങ്കാന, കർണാടക, തമിഴ്നാട്, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിലും ആകാശപ്പറവകളുടെ ശുശ്രൂഷാകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു.
മലയാറ്റൂരിലെ എംസിബിഎസ് മാർ വാലാഹ് ആശ്രമത്തിലാണ് ആകാശപ്പറവകൾക്കായുള്ള പ്രവർത്തനം ഏകോപിപ്പിക്കുന്നത്. ആകാശപ്പറവകളുടെ ദിവ്യകാരുണ്യ ഉടന്പടിയുടെ പുത്രന്മാർ, പുത്രിമാർ എന്നറിയപ്പെടുന്ന സമർപ്പിതസഹോദരങ്ങൾ കുറ്റിക്കലച്ചന്റെ സേവന ദർശനങ്ങളോടു ചേർന്നു സേവനം ചെയ്യുന്നു.
പതിമ്മൂന്നു സഹോദരൻമാരും 38 സഹോദരിമാരുമാണ് ഇത്തരത്തിലുള്ളത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നൂറുകണക്കിന് അല്മായരും ആകാശപ്പറവകൾക്കായുള്ള സന്നദ്ധപ്രവർത്തനങ്ങളിൽ വ്യാപൃതരാണ്.
1950 ജനുവരി 11ന് ആലപ്പുഴ പുറക്കാട് പരേതരായ ജോസഫ്- ത്രേസ്യാമ്മ ദന്പതികളുടെ ഏഴു മക്കളിൽ രണ്ടാമനായാണു ഫാ. കുറ്റിക്കലിന്റെ ജനനം. സഹോദരങ്ങൾ: ഗ്രിഗോറിച്ചൻ (റിട്ട. ബിഎസ്എൻഎൽ), വിമലമ്മ, ലില്ലിക്കുട്ടി, സിസ്റ്റർ ആൻ ജോസ് (സിഎച്ച്എഫ് മുംബൈ), സണ്ണിച്ചൻ (ബിഎസ്എൻഎൽ), മോളിക്കുട്ടി.