ആലപ്പുഴ: ജില്ലയിൽ ഇന്നലെ വിവിധ തൊഴിലാളി സംഘടനകളുടെയും പാർട്ടികളുടെയും നേതൃത്വത്തിൽ ലോക തൊഴിലാളി ദിനം ആചരിച്ചു. പോരാട്ടത്തിലൂടെ തൊഴിലാളികളുടെ അവകാശങ്ങൾ നേടിയെടുത്തതിന്റെ ഓർമയ്ക്കായാണ് മേയ്ദിനം ജില്ലയിൽ ആഘോഷിക്കപ്പെട്ടത്.
എട്ടു മണിക്കൂർ ജോലി, വിനോദം, വിശ്രമം എന്നിവയ്ക്കായി തൊഴിലിടങ്ങളിൽ പരിഷ്കാരങ്ങൾ വന്നതിന്റെ സ്മരണകൂടിയായി മേയ്ദിനാചരണത്തെ കാണുന്നു. തൊഴിലാളിവർഗ സമരങ്ങളുടെയും പോരാട്ടങ്ങളുടെയും കഥപറയുന്ന ആലപ്പുഴയിൽ വിവിധ ഇടങ്ങളിലാണ് സമ്മേളനങ്ങളും ആഘോഷചടങ്ങുകളും നടന്നത്.
അമ്പലപ്പുഴ: സിപിഐ അമ്പലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃതത്തിൽ മേയ്ദിന റാലിയും വി. ചന്ദ്രശേഖരൻ അനുസ്മരണവും പുഷ്പ്പാർച്ചനയും പുന്തല എസ്വിഎസ് കരയോഗം ഹാളിൽ സംഘടിപ്പിച്ചു.
സിപിഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ മണ്ഡലം അസി. സെക്രട്ടറി സി. വാമദേവ് അധ്യക്ഷത വഹിച്ചു. മെയ്ദിന സന്ദേശം ജില്ലാ അസി. സെക്രട്ടറി പി.വി. സത്യനേശനും മുഖ്യപ്രഭാഷണം എഐടിയുസി ജില്ലാ പ്രസിഡന്റ് വി. മോഹൻദാസ് നടത്തി.
മാവേലിക്കര: സിഐടിയു മാവേലിക്കര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാവേലിക്കര നഗരത്തിൽ മേയ്ദിന റാലിയും യോഗവും നടന്നു. റാലി ബുദ്ധ ജംഗ്ഷനിൽനിന്നാരംഭിച്ചു. മാവേലിക്കര നഗരസഭാ ബസ് സ്റ്റാൻഡ് ജംഗ്ഷനിൽ നടന്ന യോഗം എം.എസ്. അരുൺകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ശിവദാസൻ അധ്യക്ഷത വഹിച്ചു.
കായംകുളം: സിഐടിയു, എഐടിയുസി സംയുക്താഭിമുഖ്യത്തിൽ കായംകുളത്ത് മേയ്ദിന റാലിയും പൊതുസമ്മേളനവും നടത്തി. സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിൽനിന്നു ആരംഭിച്ച റാലി ദേശീയപാതയിലൂടെ കെഎസ്ആർടിസി ബസ്റ്റാൻഡ്, ലിങ്ക് റോഡ് വഴി നഗരം ചുറ്റി പാർക്ക് മൈതാനിയിൽ സമാപിച്ചു. തുടർന്ന് നടന്ന സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. എഐടിയുസി ഭരണിക്കാവ് മണ്ഡലം പ്രസിഡന്റ് എസ്. സെൻ അധ്യക്ഷത വഹിച്ചു.
സ്ത്രീ തൊഴിലാളികളെ ആദരിച്ചു
അമ്പലപ്പുഴ: മേയ്ദിനത്തോടനു ബന്ധിച്ച് ജൂണിയർ ജേസീസ് പുന്നപ്രയുടെ ആഭിമുഖ്യത്തിൽ സ്ത്രീ തൊഴിലാളികളെ ആദരിച്ചു. പുന്നപ്രയിലെ തൊഴിലുറപ്പ് തൊഴിലാളികളെയാണ് പൂക്കളും ഷാളും നൽകി ആദരിച്ചത്.
അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് മെംബർ സതി രമേശ് സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജൂണിയർ ജേസീസ് സോൺ പ്രസിഡന്റ് റിസാൻ എ. നസീർ തൊഴിലാളികളെ ആദരിച്ചു.
ജെസിഐ പുന്നപ്ര ലോം പ്രസിഡന്റ് മാത്യു തോമസ് അധ്യക്ഷത വഹിച്ചു. ജെ സിഐ ഭാരവാഹികളായ കേണൽ സി. വിജയകുമാർ, പി. അശോകൻ, നസീർ സലാം, അങ്കിത് അവിട്ടത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
ഹരിപ്പാട്: കേരള തണ്ടാൻ മഹാസഭ കാർത്തികപ്പള്ളി താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ മേയ്ദിനാഘോഷം സംഘടിപ്പിച്ചു. യൂണിയൻ അങ്കണത്തിലുള്ള സമുദായ ആചാര്യനും ശ്രീമൂലം പ്രജാസഭാ അംഗവുമായിരുന്ന കുഞ്ഞൻ വെളുമ്പന്റെ പ്രതിമയിൽ യൂണിയൻ പ്രസിഡന്റ് കെ. അനിയന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി.
യൂണിയൻ സെക്രട്ടറി വി. ജയലാൽ, യൂണിയൻ കൗൺസിലർ രവിപുരത്ത് രവീന്ദ്രൻ, ശാഖാ ഭാരവാഹികളായ വി. വാസുദേവൻ, കെ. ശിവദാസൻ, സുകുമാരൻ കമലാപുരം, എൻ. രാഘവൻ, സുശീല മദനൻ, സി.കെ. രത്നകുമാർ, എച്ച്. ഹരീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.