കാസര്‍ഗോഡ്: വര്‍ധിച്ചു വരുന്ന ഉഷ്ണ തരംഗത്തെ നേരിടാന്‍ ജില്ലാ വെറ്റിനറി കേന്ദ്രം കേന്ദ്രമാക്കി കണ്ട്രോള് റൂം പ്രവര്‍ത്തനം ആരംഭിച്ചു. വേനല്‍ക്കാലം ക്ഷീരകര്‍ഷകരെ സംബന്ധിച്ചിടത്തോളം ദുരിത കാലമാണ്. കാലാവസ്ഥ വ്യതിയാനത്തിനെ തുടര്‍ന്ന് പശുക്കള്‍ക്ക് നേരിടേണ്ടി വരുന്ന താപ സമ്മര്‍ദ്ദമാണ് ഈ ദുരിതത്തിന്റെ അടിസ്ഥാന കാരണം.
ജില്ലയില്‍ നിലവില്‍ നല്ലൊരു ശതമാനവും സങ്കരയിനത്തില്‍പെട്ട ജേഴ്സി, ഹോള്‍സ്റ്റീന്‍ ഫ്രീഷ്യന്‍ പശുക്കളാണ്. കൃത്രിമ ബീജദാനം വഴി ഉരുതിരിഞ്ഞ അത്യുത്പാദന ശേഷിയുള്ള ഇത്തരം പശുക്കള്‍ക്ക് നാടന്‍ പശുക്കളെ അപേക്ഷിച്ചു ഉയര്‍ന്ന ചൂടും അന്തരീക്ഷ ആര്‍ദ്രതയും താങ്ങാനുള്ള ശേഷി കുറവാണ്. വേനല്‍ക്കാലങ്ങളില്‍ താപനില ഉയരുന്നതിനനുസരിച്ചു പശുക്കളില്‍ വ്യത്യസ്ത ലക്ഷണങ്ങള്‍ പ്രകടമാകാറുണ്ട്. വര്‍ധിച്ച ശ്വസനം. തുടര്‍ന്ന് വായ തുറന്ന ശ്വസനം, ഉമിനീരോലിപ്പ്, കിതപ്പ് തുടങ്ങിയവ. തുടര്‍ന്ന് ചൂടിന്റെ കാഠിന്യം കൂടി വരുമ്പോള്‍ വിറയല്‍, ശരീരത്തിന്റെ ഏകോപനം നഷ്ടപെട്ട അവസ്ഥ എന്നിവയിലേക്ക് നയിക്കും. കടുത്ത വേനലില്‍ പശുക്കള്‍ക്കും സൂര്യാതാപവും സൂര്യാഘാതവും ഏല്‍ക്കാനുള്ള സാധ്യതയേറെയാണ്.
രാവിലെ 10 നും വൈകുന്നേരം നാലിനും ഇടയിലുള്ള സമയത്ത് പശുക്കളെ തുറസായ സ്ഥലങ്ങളില്‍ മേയാന്‍ വിടുന്നതും കെട്ടിയിടുന്നതും ഷീറ്റ് കൊണ്ട് മേഞ്ഞ തൊഴുത്തില്‍ പാര്‍പ്പിക്കുന്നതും ഒഴിവാക്കണം. ചൂട് കൂടുതലുള്ള സമയങ്ങളില്‍ പശുക്കളെ ഉയരവും വായുസഞ്ചാരവും കുറഞ്ഞ തൊഴുത്തില്‍ നിന്നിറക്കി പുറത്തുള്ള തണലുള്ള സ്ഥലങ്ങളില്‍ പാര്‍പ്പിക്കണം. പശുക്കളെ വാഹനത്തില്‍ കയറ്റിയുള്ള ദീര്ഘയാത്രകള് രാവിലെയും വൈകുന്നേരവുമായി ക്രമീകരിക്കണം.
ഉഷ്ണസമ്മര്‍ദം ഒഴിവാക്കാന്‍ തൊഴുത്തില്‍ നല്ല വായുസഞ്ചാരം ഉറപ്പാക്കണം. തൊഴുത്തിന്റെ മേല്‍ക്കൂരയ്ക്ക് കീഴെ പനയോല, തെങ്ങോല, ഗ്രീന്‍ നെറ്റ്, ടാര്പ്പോളിന് എന്നിവയിലേതെങ്കിലും ഉപയോഗിച്ച് അടിക്കൂര (സീലിംഗ്) ഒരുക്കുന്നതും തൊഴുത്തിനുള്ളിലെ ചൂട് കുറയ്ക്കും. തൊഴുത്തില്‍ പശുക്കളെ ഇടയ്ക്കിടെ കുളിപ്പിക്കുന്നതിന് പകരം തൊഴുത്തിന് മുകളില്‍ സ്പ്രിംഗ്ലര്‍ ഒരുക്കി തൊഴുത്തിന്റെ മേല്‍ക്കൂര നനച്ച് നല്‍കാവുന്നതാണ്. ചണച്ചാക്ക് കീറി തണുത്തവെള്ളത്തില്‍ നനച്ച് പശുക്കളുടെ കഴുത്തില്‍ തൂക്കിയിടുന്നതും ഉഷ്ണസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. സ്പ്രിംഗ്ലര്‍, ഷവര്‍, മിസ്റ്റ് എന്നിവയിലേതെങ്കിലും ഒരുക്കി പശുക്കളെ നനക്കുന്നത് ഉഷ്ണസമ്മര്‍ദ്ദം കുറയ്ക്കാന്‍ ഫലപ്രദമാണ്. ചൂടുകൂടുന്ന സമയങ്ങളില്‍ രണ്ടു മണിക്കൂര്‍ ഇടവേളയില്‍ മൂന്ന് മിനിട്ട് നേരം ഇവ പ്രവര്‍ത്തിപ്പിച്ച് തൊഴുത്തിന്റെ അന്തരീക്ഷം തണുപ്പിക്കാം.
നിര്‍ജലീകരണം തടയാനും, പാല് ഉത്പാദന നഷ്ടം കുറയ്ക്കാനും തൊഴുത്തില്‍ 24 മണിക്കൂറും തണുത്ത കുടിവെള്ളം ലഭ്യമാക്കണം. പ്രത്യേകിച്ച് രാത്രികാലങ്ങളില്‍ പശുക്കള്‍ക്ക് കുടിക്കാന്‍ വേണ്ടത്ര വെള്ളം വെള്ളത്തൊട്ടിയില്‍ നിറച്ചു വെക്കണം. കാലിതീറ്റയും വൈക്കോലും നല്‍കുന്നത് ചൂട് കുറഞ്ഞ സമയങ്ങളിലും രാത്രിയുമായി ക്രമീകരിക്കണം. വൈക്കോല്‍ വെള്ളത്തില്‍ കുതിര്‍ത്തു വെച്ച് തീറ്റയായി നല്‍കാം. പകല്‍ ധാരാളം ജലാംശം അടങ്ങിയ നല്ലയിനം തീറ്റപ്പുല്ലും, അസോള ശീമക്കൊന്ന, അഗത്തി, മുരിങ്ങ, പീലിവാക, മള്‍ബറി, ഈര്‍ക്കില്‍ മാറ്റിയ തെങ്ങോല പോലുള്ള ഇലതീറ്റകളും നല്‍കണം.
അണപ്പിലൂടെ ഉമിനീര് കൂടുതലായി നഷ്ടപ്പെടുന്നത് കാരണം പശുക്കളുടെ ആമാശയത്തില്‍ ഉണ്ടായേക്കാവുന്ന അസിഡിറ്റി ഒഴിവാക്കാന്‍ സോഡിയം ബൈ കാര്‍ബണേറ്റ് (അപ്പക്കാരം), ഒരു കിലോഗ്രാം കാലിത്തീറ്റയ്ക്ക് 10 ഗ്രാം നിരക്കില്‍ തീറ്റയില്‍ ചേര്‍ത്ത് നല്‍കാം. ഒരു കിലോഗ്രാം സാന്ദ്രികൃത കാലിതീറ്റക്ക് 10 ഗ്രാം എന്ന കണക്കില്‍ ധാതു ജീവക മിശ്രിതവും, ആകെ തീറ്റയില്‍ 10 മുതല്‍ 25 ഗ്രാം വരെ കല്ലുപ്പും ചേര്‍ത്ത് നല്‍കുന്നതും ഗുണകരമാണ്.
വേനല്‍ക്കാലത്ത് പശുക്കള്‍ മദിലക്ഷണങ്ങള്‍ കാണിക്കുന്നതും മദിയുടെ ദൈര്‍ഘ്യവും കുറയാനിടയുള്ളതിനാല്‍ അതിരാവിലെയും സന്ധ്യയ്ക്കും മദി നിരീക്ഷിക്കണം. പശുക്കളില്‍ കൃത്രിമ ബീജാധാനം തണലുള്ള സ്ഥലത്ത് ഒഴിവാക്കണം. കടുത്ത ചൂടുള്ള സമയങ്ങളില്‍ കൃത്രിമബീജാധാനം നടത്തുന്നത് രോഗാണുവാഹകരായ പട്ടുണ്ണിപരാദങ്ങള്‍ പെരുകുന്നതിന് അനുകൂലമായ കാലാവസ്ഥയാണ്. പരാദകീടങ്ങള്‍ തൈലേറിയോസിസ്, ബബീസിയോസിസ്, അനാപ്ലാസ്മോസിസ് തുടങ്ങിയ രക്താണുരോഗങ്ങള്‍ കേരളത്തില്‍ വേനല്‍ക്കാലത്ത് സാധാരണയാണ്. ഏതെങ്കിലും അസ്വഭാവിക ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വെറ്ററിനറി ഡോക്ടറുടെ സേവനം തേടാന്‍ മറക്കരുത്.