ഓണം സ്പെഷലായി ഒട്ടേറെ വീഡിയോകൾ സമൂഹ മാധ്യമത്തിൽ വന്നിട്ടുണ്ടെങ്കിലും അക്കൂട്ടത്തിൽ ത്രില്ലിം​ഗായ ഒന്ന് ഇൻസ്റ്റ​ഗ്രാമിൽ തകർത്തോടുകയാണ്. കസവ് സാരിയുടുത്ത് സ്കേറ്റിം​ഗ് പ്രകടനം നടത്തുന്ന കൊച്ചു മിടുക്കിയുടെ വീഡിയോ വെറും രണ്ട് ദിവസം കൊണ്ട് 40 ലക്ഷം ആളുകൾ കണ്ടുകഴിഞ്ഞു.

കൊച്ചി സ്വദേശിനിയായ ഐറ ഹായ്മൻ ഖാൻ എന്ന അഞ്ചുവയസുകാരിയുടെ വീഡിയോയാണ് നവാസ് ഷറഫുദീൻ എന്ന ഫോട്ടോ​ഗ്രാഫർ തന്‍റെ ഇൻസ്റ്റ​ഗ്രാം പേജിൽ പങ്കുവെച്ചത്. 7.38 ലക്ഷം ലൈക്കുകൾ കിട്ടിയ വീഡിയോയ്ക്ക് നൂറുകണക്കിന് കമന്‍റുകളും വന്നിരുന്നു.

കസവ് സാരി ചുറ്റിയ ഐറ തന്‍റെ വീടിന് മുന്നിലുള്ള സ്കേറ്റ് പാർക്കായ ലൂപ്പിലാണ് സ്കേറ്റിം​ഗ് നടത്തുന്നത്. സ്കേറ്റിം​ഗ് നടത്തുന്ന മറ്റ് വീഡിയോ ഐറയുടെ ഔദ്യോ​ഗിക ഇൻസ്റ്റ​ഗ്രാം പേജായ airahaymenkhan -ലും മുൻപ് പങ്കുവെച്ചിട്ടുണ്ട്. അതിൽ നിന്നും വ്യത്യസ്തമായി ഓണവേഷത്തിൽ വന്ന വീഡിയോ കണ്ട് നെറ്റിസൺസ് അമ്പരന്നിരിക്കുകയാണ്.



മികച്ച മെയ്‌വഴക്കത്തോടെ സ്കേറ്റിം​ഗ് നടത്തുന്ന ദൃശ്യങ്ങൾക്ക് അഭിനന്ദന പ്രവാഹവുമെത്തി. "മകളെ പൊളിച്ചടുക്കി', "അന്പോ കിടിലൻ സ്കേറ്റിം​ഗ്', "മോൾക്ക് നല്ല ഭാവിയുണ്ട് കേട്ടോ', "ദിവസവും പ്രാക്ടീസ് തുടരണം', "സാരിയിൽ കുഞ്ഞ് സുന്ദരിയാണേ' എന്ന് തുടങ്ങി ഒട്ടേറെ കമന്‍റുകളാണ് നെറ്റിസൺസിനിടയിൽ നിന്നും വന്നത്.

ഓണനാളുകളിൽ വ്യത്യസ്തമായ സ്കേറ്റിം​ഗ് കണ്ട് ആ​ഗോളതലത്തിലുള്ള മലയാളികൾ ത്രില്ലടിച്ചിരിക്കുകയാണെന്നും കമന്‍റ് ബോക്സിൽ പ്രതികരണം വന്നിരുന്നു. "ഐറ ഹായ്മൻ ഖാൻ സ്വാ​ഗ്' എന്ന ക്യാപ്ഷനോടെയാണ് നവാസ് വീഡിയോ പങ്കുവെച്ചത്.