"സാരിയിലും ബ്രേക്ക് ഡാന്‍സ്'; ഞെട്ടിക്കുന്ന സ്റ്റെപ്പുകള്‍ കാണാം
Thursday, June 1, 2023 11:26 AM IST
ചിലരുടെ കഴിവ് അപാരമാണ്. പണ്ടൊക്കെ മിക്കവരുടെയും പ്രത്യേകതകള്‍ അധികമാളുകള്‍ അറിഞ്ഞിരുന്നില്ല. എന്നാല്‍ കാലം മാറിയപ്പോള്‍ സമൂഹ മാധ്യമങ്ങള്‍ എത്തി. അതോടെ ആളുകള്‍ക്ക് തങ്ങളുടെ കഴിവുകള്‍ എളുപ്പത്തില്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ എത്തിക്കാനാകുന്നു.
അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ ഒരു യുവതിയുടെ നൃത്തംവയ്ക്കല് വീഡിയോ വൈറലായിരുന്നു. ഒരു നൃത്തത്തിനെന്ത് പ്രത്യേകത എന്ന് ചോദിക്കാന്‍ വരട്ടെ. കാരണം ഈ യുവതി ചെയ്തത് ബ്രേക്ക് ഡാന്‍സാണ്. അതും സാരിയുടുത്ത്.
ദൃശ്യങ്ങളില്‍ കുറച്ച് സ്ത്രീകള്‍ ഒരിടത്ത് ഇരിക്കുകയാണ്. അവരില്‍ ചില യുവതികള്‍ നൃത്തംവയ്ക്കുകയാണ്. അക്കൂട്ടത്തിലെ ഒരു യുവതി ഏറെ ചുറുചുക്കോടെ ചുവടുവയ്ക്കുകയാണ്.
നിലത്തുകിടന്നും വായുവിലൂടെ കറങ്ങിയുമൊക്കെ അസാമാന്യ മെയ്വഴക്കത്തോടെ യുവതി തകര്‍ത്താടുന്നു. കൂട്ടുകാരികളില്‍ ചിലരും യുവതിയെ പ്രോത്സാഹിപ്പിക്കുകയാണ്. ഈ നൃത്തംകണ്ട് നെറ്റിസണും ഞെട്ടി.
നിരവധി കമന്റുകള്‍ വീഡിയോയ്ക്ക് ലഭിച്ചു. "എനിക്ക് സാരി ഉടുത്ത് ശരിയായി നടക്കാന്‍ പോലും കഴിയില്ല' എന്നാണൊരു യുവതി കമന്റിട്ടത്. "മനോഹരം. ഞാന്‍ സന്തോഷകരമായ വൈബുകള്‍ ഇഷ്ടപ്പെടുന്നു'എന്നാണ് മറ്റൊരാള്‍ കുറിച്ചത്.