ഏറ്റവും പ്രയോജനകരം; കുട്ടികള്‍ക്കായുള്ള ഈ കണ്ടുപിടിത്തം നിങ്ങളെ ഞെട്ടിക്കും
Saturday, May 27, 2023 12:41 PM IST
കുട്ടികള്‍ നമുക്കേവര്‍ക്കും പ്രിയപ്പെട്ടവരാണ്. അവരുടെ കുസൃതികളും കൗതുകങ്ങളും നമ്മള് ഏറെ ആസ്വദിക്കാറുണ്ട്. എന്നാല്‍ വലിയവരുടെ കണ്ണൊന്നുതെറ്റിയാല്‍ കുഞ്ഞുങ്ങള്‍ അപകടത്തില്‍പ്പെട്ടേക്കാം.
ഏറ്റവും അപകടമുണ്ടാക്കുന്ന ഒന്നാണ് അവര്‍ വെള്ളത്തിനടുത്ത് നില്‍ക്കുന്നത്. അത്തരത്തിലെ നിരവധി ദുഃഖകരമായ വാര്‍ത്തകള്‍ നാം കാണാറുണ്ടല്ലൊ. ഇക്കാരണങ്ങളാല്‍ അടുത്തിടെ പുറത്തിറങ്ങിയ ഒരു ടീ ഷര്‍ട്ട് ഏറെ ശ്രദ്ധ നേടുകയാണ്.
സമൂഹ മാധ്യമങ്ങളിലെത്തിയ ഈ കൗതുകകരമായ ടീ-ഷര്‍ട്ടിന്റെ വീഡിയോ ആനന്ദ് മഹീന്ദ്രയും തന്റെ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.
ദൃശ്യങ്ങളില്‍ ഒരാള്‍ ഒരു പാവക്കുട്ടിയെ ടീ ഷര്‍ട്ട് അണിയിക്കുകയാണ്. ഒരു കുട്ടിക്ക് സമാനമാണ് ഈ പാവ. ടീഷര്‍ട്ട് അണിയിച്ച ഈ പാവയെ അയാള്‍ വെള്ളത്തിലേക്ക് തള്ളിയിടുകയാണ്. സാധാരണ ഇങ്ങനെ സംഭവിച്ചാല്‍ അത് മുങ്ങിത്താഴുകയാണല്ലൊ വേണ്ടത്.
എന്നാല്‍ ഈ ഉടുപ്പിന്റെ പ്രത്യേകതകൊണ്ട് പാവ താഴുന്നില്ല. മാത്രമല്ല കൃത്യമായ രീതിയില്‍ വെള്ളത്തിനുമുകളില്‍ പൊന്തിക്കിടക്കുകയാണ്. ഫലത്തില്‍ ഇത്തരത്തിലൊരു വസ്ത്രം ഒരു കുഞ്ഞിനാണ് ഉള്ളതെങ്കില്‍ വെള്ളത്തിലെ അപകടം ഒഴിവാക്കാന്‍ കഴിയും.
ഏതായാലും ഈ വസ്ത്രം നെറ്റിസണ് ഏറെ പിടിച്ചു. നിരവധിപേര്‍ ഇതിന്റെ ഡിസൈനറെ അഭിനന്ദിച്ച് രംഗത്തെത്തി. "മികച്ച കണ്ടുപിടിത്തം. മുന്‍പേ എത്തിയിരുന്നെങ്കില്‍ എത്ര ജീവനെ രക്ഷിക്കാന്‍ കഴിയുമായിരുന്നു' എന്നാണൊരാള്‍ കുറിച്ചത്.