കൗതുകം കൂടിയ ആള് വിമാനത്തിന്റെ എമര്‍ജന്‍സി വാതിലൊന്ന് തുറന്നു; പിന്നീട് സംഭവിച്ചത്
Saturday, May 27, 2023 11:38 AM IST
പലയിടങ്ങളിലും അപകടങ്ങള്‍ ഒഴിവാക്കാനായി അധികൃതര്‍ നിയമങ്ങള്‍ എഴുതിവയ്ക്കാറുണ്ടല്ലൊ. എന്നാല്‍ ചില കൗതുകക്കാര്‍ ഇതൊക്കെ മറികടന്ന് പ്രവര്‍ത്തിക്കും. ഇത്തരം കാര്യങ്ങള്‍ ചിലപ്പോള്‍ മറ്റുള്ളവരുടെ ജീവനെപ്പോലും ഇല്ലായ്മ ചെയ്യും.
എത്ര സംഭവങ്ങള്‍ നമ്മളറിഞ്ഞാലും ഇത്തരം കാര്യങ്ങള്‍ ആവര്ത്തിടക്കപ്പെടുന്നു. അടുത്തിടെ ദക്ഷിണ കൊറിയയില്‍ സംഭവിച്ച ഒരു കാര്യമാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഇവിടെ വിമാന യാത്രയ്ക്കിടെ ഒരു യാത്രക്കാരന് എമര്‍ജന്‍സി എക്സിറ്റ് തുറന്നതാണ് ചര്‍ച്ചയ്ക്കാധാരം.
ജെജു ദ്വീപില്‍ നിന്ന് ദക്ഷിണ കൊറിയയിലെ ദേഗുവിലേക്ക് പറക്കുകയായിരുന്ന ഏഷ്യാന എയര്‍ലൈന്‍സിന്റെ വിമാനത്തിലാണ് സംഭവം. ദേഗു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ ഒരു യുവാവ് ഏഷ്യാന എയര്‍ലൈന്‍സ് വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന് യാത്രക്കാരെ പരിഭ്രാന്തിയിലാക്കി.
വിമാന ജീവനക്കാരുടെ എതിര്പ്പ്അവഗണിച്ചാണ് ഇയാള്‍ ഇക്കാര്യം ചെയ്തത്. കാറ്റിന്റെ അമിതവേഗം നിമിത്തം മറ്റ് യാത്രക്കാര്‍ക്കൊക്കെ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായി. പലരും ശ്വാസം കിട്ടാതെ വലഞ്ഞു. ചിലര്‍ക്ക് ബോധക്ഷയമുണ്ടായി.
ഭാഗ്യവശാലാണ് 194 യാത്രക്കാര്‍ക്ക് ജീവഹാനി സംഭവിക്കാഞ്ഞത്. എന്തിനാണ് ഇയാള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചതെന്ന് ആര്‍ക്കും മനസിലായില്ല. ഏതായാലും വിമാനം നിലത്തിറങ്ങിയ ഉടനെ ഈ കൗതുകക്കാരനെ പോലീസ് തൂക്കിയെടുത്തുകൊണ്ടു പോയി. മറ്റ് യാത്രക്കാരെ ആശുപത്രിയിലുമാക്കി.
സംഭവത്തില്‍ നെറ്റിസണ് ഞെട്ടല്‍ രേഖപ്പെടുത്തി. "വിമാനം പൊട്ടിത്തെറിക്കുകയാണെന്ന് ഞാന്‍ കരുതി, ഞാന്‍ ഇങ്ങനെ മരിക്കുമെന്ന് ഞാന്‍ കരുതി' എന്നാണൊരു യാത്രക്കാരന് പിന്നീട് പ്രതികരിച്ചത്.