വനജീവിതങ്ങളുടെ അപൂര്‍വനിമിഷങ്ങള്‍ പങ്കുവയ്ക്കുന്ന വീഡിയോയും ചിത്രങ്ങളും മാധ്യമങ്ങളില്‍ വലിയ ശ്രദ്ധനേടാറുണ്ട്. സൗത്ത് ആഫ്രിക്കന്‍ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ഗാര്‍ത്ത് ഡി ബ്രൂണോ ഓസ്റ്റിന്‍ പങ്കുവച്ച ചിത്രം ഇത്തരത്തിൽ അപൂര്‍വങ്ങളില്‍ അപൂര്‍വമായി.

വനത്തിലൂടെ യാത്ര ചെയ്യുമ്പോള്‍ ഒരു മൃഗം അടുത്തെത്തുന്നതിനു മുമ്പുതന്നെ ജീവനുംകൊണ്ട് ഓടി രക്ഷപ്പെടുന്നവരാണ് അധികവും. എന്നാല്‍ ഓസ്റ്റിന്‍ ചെയ്തതു മറ്റുള്ളവരില്‍ ഭയവും അദ്ഭുതവും ജനിപ്പിക്കുന്ന പ്രവൃത്തിയാണ്. വനത്തിനുള്ളില്‍ കാണ്ടാമൃഗത്തിന്‍റെ ഫോട്ടോ ഓസ്റ്റിന്‍ എടുക്കുമ്പോഴാണു സംഭവം.

ചിത്രമെടുത്തുകൊണ്ടിരിക്കുമ്പോള്‍ തന്‍റെ അടുത്തെത്തുന്ന കാണ്ടാമൃഗത്തിന്‍റെ വയര്‍ തടവിക്കൊടുക്കന്ന ദൃശ്യമാണ് വീഡിയോയിലുള്ളത്. ലവലേശം ഭയമില്ലാതെ തന്‍റെ അടുത്തെത്തിയ കാണ്ടാമൃഗത്തെ ഓസ്റ്റിന്‍ സ്നേഹപൂര്‍വം തടവുന്നു. കാണ്ടാമൃഗമാകട്ടെ ആക്രമിക്കാതെ, ഓസ്റ്റിന്‍റെ പ്രവൃത്തി ആസ്വദിച്ചുനില്‍ക്കുന്നു.



ആറു വര്‍ഷം മുമ്പാണ് ഓസ്റ്റിന്‍റെ ജീവിതത്തില്‍ അങ്ങനെ സംഭവിച്ചത്. പതിനഞ്ച് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ വീണ്ടും പുറത്തുവിട്ടപ്പോൾ പതിനായിരക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ബന്ധത്തെ എടുത്തുകാണിക്കുന്ന വീഡിയോ എന്നാണു പലരും അഭിപ്രായപ്പെട്ടത്.