"പണമാണെങ്കില്‍...'; മലിനജലം ഒഴുകുന്ന കനാലില്‍ ഇറങ്ങിയ ജനക്കൂട്ടം
Monday, May 8, 2023 10:07 AM IST
പണം ഒട്ടുമിക്കവർക്കും ആവശ്യമുള്ള ഒന്നാണെന്ന് പറയേണ്ടതില്ലല്ലൊ. ജീവിതത്തിന്റെ പല കാര്യങ്ങള്‍ക്കും അത് അനിവാര്യമാണ്. എന്നാല്‍ ഈ പണം അധ്വാനിച്ചാണ് കണ്ടത്തേണ്ടത്.
പക്ഷേ പലരും പല കുറുക്കുവഴികളും ചതികളും വഴി പണക്കാരനാകാന്‍ ശ്രമിക്കാറുണ്ട്. അത്തരം സംഭവങ്ങളുടെ വാര്‍ത്തകള്‍ നാം ധാരാളം കേള്‍ക്കാറുമുണ്ട്.
അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ ഇത്തരത്തില്‍ പണവുമായി ബന്ധപ്പെട്ട ഒരു വീഡിയോ പ്രത്യക്ഷപ്പെട്ടിരുന്നു. പണത്തിനായി മനുഷ്യന് എന്തും ചെയ്യും എന്ന് തോന്നിക്കുന്ന കാഴ്ചയായിരുന്നതില്. കാരണം അഴുക്ക് നിറഞ്ഞ ഒരു കനാലില്‍ പണം തിരയുന്ന നാട്ടുകാരുടെ ദൃശ്യമാണതിലുണ്ടായിരുന്നത്.
ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട കാഴ്ചയില്‍ ബീഹാറിലെ റോഹ്താസ് ജില്ലയിലെ സസാരാം പട്ടണത്തിലെ ഒരു കനാലാണുള്ളത്. ഇതില്‍ ആരോ ഒരു വലിയ ബാഗിൽ പൈസ എറിഞ്ഞിട്ട് പോയത്രെ. ഇതറിഞ്ഞ കുറച്ചാളുകള്‍ ചീഞ്ഞളിഞ്ഞ മാലിന്യത്തിലേക്ക് എടുത്ത് ചാടി.
അവര്‍ നോട്ടുകള്‍ പെറുക്കി ചെളിയുമായി കരയിലേക്ക് കയറുകയാണ്. കലുങ്കിന് മുകളില്‍ നില്ക്കുന്ന ചിലര്‍ ഇവരെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. എന്നാല്‍ ഈ നോട്ട് യഥാര്ഥ്യമാണൊ എന്നുപോലും ആര്‍ക്കും ഉറപ്പില്ല.
ഈ കാഴ്ച നെറ്റിസണില്‍ ഞെട്ടലുളവാക്കി. "പണത്തിനായി മനുഷ്യനെന്തും ചെയ്യുന്ന കാലം' എന്നാണൊരാള്‍ വിമര്‍ശിച്ചത്.