സീറ്റെവിടെ; ചാള്‍സ് രാജാവിന്റെ കിരീടധാരണ ചടങ്ങില്‍ വൈറലായത് കാറ്റി പെറി
Monday, May 8, 2023 9:26 AM IST
അവനവന്റേതായ ഒരു ഇരിപ്പിടം കണ്ടെത്തുക എന്നത് ഏറെ പ്രാധാന്യമാണ്. അതിനായി ജീവിതത്തില്‍ നല്ല പരിശ്രമം ആവശ്യമാണെന്ന് പലരും പറയാറുമുണ്ട്. എന്നാല്‍ ഈ താത്വിക ശൈലിയില്‍ മാത്രമല്ല "ഇരിപ്പിടം തേടല്‍' പ്രധാനമായി മാറാറുള്ളത്.
സദ്യയ്ക്കായി സീറ്റ് തപ്പുന്നവര്‍ക്ക് ആ പ്രാധാന്യമാകാം പറയാനുള്ളത്. സമാനമായ ഒരു സംഭവമാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറല്‍. രസകരമായ ഈ കസേര കണ്ടെത്തല്‍ നടന്നത് ചാള്‍സ് രാജാവിന്റെ കിരീടധാരണ വേളയിലാണ്.
ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയില്‍ ഇംഗ്ലണ്ടിലെ വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയിലെ കാഴ്ചയാണുള്ളത്. ചാള്‍സ് രാജാവിന്റെ കിരീടധാരണത്തിനായി നിരവധി ക്ഷണിക്കപ്പെട്ട അതിഥികള്‍ എത്തിയിരുന്നല്ലൊ. ഇവര്‍ക്കായി ഇരിപ്പിടങ്ങളും ഒരുക്കിയിരുന്നു.
എന്നാല്‍ വിഖ്യാത ഗായിക കാറ്റി പെറിക്ക് തന്റെ കസേര എവിടെയെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല. പലയിടത്തായി എത്തി അവര്‍ സീറ്റ് കണ്ടെത്താന്‍ ശ്രമിക്കുകയാണ്. കാറ്റി സീറ്റ് തിരഞ്ഞുനടക്കുന്ന കാഴ്ച സമൂഹ മാധ്യമങ്ങളില്‍ വൈറിലായി മാറി.
നിരവധി രസകരമായ കമന്റുകള്‍ ലഭിച്ചു. "ഞാന്‍ എന്റെ അമ്മയെ സൂപ്പര്‍മാര്‍ക്കറ്റില്‍ കണ്ടെത്താന്‍ ശ്രമിക്കുന്നപോലെ' എന്നാണൊരാള്‍ കുറിച്ചത്. ഏതായാലും വീഡിയോ വൈറലായതോടെ മറുപടിയുമായി കാറ്റി എത്തി. "വിഷമിക്കേണ്ട സുഹൃത്തുക്കളെ ഞാന്‍ എന്റെ സീറ്റ് കണ്ടെത്തി'. എന്നായിരുന്നു ആ മറുപടി.