എക്കാലത്തേയും മികച്ച മാജിക് ട്രിക്ക്; ചിരിച്ച് മണ്ണുകപ്പും
Saturday, May 6, 2023 10:30 AM IST
മാജിക് ഇഷ്ടപ്പെടാത്തവര്‍ ആരുംതന്നെ ഉണ്ടാകാനിടയില്ല. ഞൊടിയിടയില്‍ നമ്മുടെ കണ്ണുകളെ കബളിപ്പിച്ച് യുക്തിയെ ചോദ്യംചെയ്യുന്ന ഈ കല ഇന്നും പല രൂപങ്ങളായി നമുക്ക് മുന്നിലെത്തുന്നു.
ഇപ്പോഴിതാ തങ്ങളുടെ മാജിക് ഷോ നിമിത്തം വൈറലായിരിക്കുകയാണ് സഹോദരങ്ങളായ രണ്ടുകുട്ടികള്‍. ഹര്‍ഷ് മാരിവാല എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയില്‍ ഇവര്‍ ഒരു മായാജാല വിദ്യ ചെയ്യാനുള്ള തയാറെടുപ്പിലാണ്.
ഒരു പുതപ്പ് കൊണ്ട് തന്റെ ഇളയ സഹോദരനെ അപ്രത്യക്ഷനാക്കുന്ന സഹോദരിയെ ആണ് നമുക്കിതില്‍ കാണാനാവുക.
ദൃശ്യങ്ങളില്‍ ഒരു വാതിലിനടുത്തായി നില്‍ക്കുകയാണ് ഇവര്‍. മൂത്തകുട്ടി പുതപ്പ് ഉയര്‍ത്തി പിടിക്കുമ്പോള്‍ ഇളയ ആള് ആ ചുവരിന്റെ മറവിലേക്ക് മാറാനാണ് മാജിക്കുകാര്‍ ഉദ്ദേശിച്ചത്. പിന്നീട് പുതപ്പ് മാറ്റുമ്പോള്‍ കുട്ടിയെ കാണരുത്.
എന്നാല്‍ മാജിക് അല്പം പാളി. കാരണം ഈ ഇളയ ആണ്‍കുട്ടി ചുവരിന് മറവിലേക്ക് പകുതിയെ കയറിയുള്ളു. പുതപ്പ് മാറ്റുമ്പോള്‍ ശരീരത്തിന്റെ ബാക്കി പകുതി പുറത്തുകാണാന്‍ കഴിയുന്നു.
പക്ഷേ ഈ കുഞ്ഞ് മജീഷ്യ തോറ്റുപിന്മാറാന് തയാറല്ലായിരുന്നു. അവള് ഇളയ സഹോദരനെ തൊഴിച്ച് ചുവരിന് പുറകിലാക്കുകയാണ്. ഈ പ്രവര്‍ത്തി നെറ്റിസണെ ആകെ ചിരിപ്പിച്ചു.
നിരവധി രസകരമായ കമന്റുകള്‍ വീഡിയോയ്ക്ക് ലഭിച്ചു. "ഹാവൂ... മാജിക് പൊളിഞ്ഞില്ലല്ലൊ' എന്നാണൊരാള്‍ കുറിച്ചത്. "കുട്ടികളുടെ ഏത് പ്രവര്‍ത്തിയും നമുക്ക് കൗതുകം പകരുന്ന മാജിക് തന്നെ' എന്നാണ് മറ്റൊരാള്‍ കുറിച്ചത്.