അയ്യോ നീ ഇവിടിരുപ്പുണ്ടായിരുന്നോ? അമ്മ കണ്ടില്ലല്ലോ
Friday, March 28, 2025 2:53 PM IST
അപ്രതീക്ഷിതമായി പ്രിയപ്പെട്ടൊരാളെ കണ്ടുമുട്ടിയാൽ എങ്ങനെയുണ്ടാകും. അന്പരപ്പാണോ, സന്തോഷമാണോ, സങ്കടമാണോ ഉണ്ടാകുന്ന വികാരം എന്നു പറയാൻ പറ്റില്ലാലേ. അങ്ങനെയൊരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഒരു അമ്മയും മകനുമാണ് വീഡിയോയിലുള്ളത്.
ന്യൂസ്നെർകോം എന്ന ഇന്‍സ്റ്റാഗ്രാം ഹാന്റിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ ഇതിനകം ഒരു കോടി നാല് ലക്ഷത്തിലധികം പേരാണ് കണ്ടത്. ഒരു ട്രെയിനിലാണ് സംഭവം നടക്കുന്നത്. ട്രെയിനിൽ രണ്ടു സ്ത്രീകൾ മൊബൈല്‍ നോക്കിയിരിക്കുകയാണ്. അതേ ട്രെയിനിന്റെ ഓപ്പോസിന്റെ സീറ്റിൽ അതിലൊരു സ്ത്രീയുടെ മകൻ ഇരിപ്പുണ്ട്. പക്ഷേ, അവർ അത് അറിയുന്നില്ല.
വീഡിയോയിൽ "മം' എന്നെഴുതിയ ഒരു ചാറ്റ് വിന്റോയാണ് പിന്നീട് കാണിക്കുന്നത്. അതില്‍ "9' മണിക്ക് എയര്‍പോർട്ടിൽ വെച്ചു കാണാം എന്ന മെസേജ് അമ്മയ്ക്ക് അയക്കുന്നു. അതിനു താഴെ 'ആശങ്കവേണ്ട ഞാന്‍ ഇപ്പോൾ തന്നെ ട്രെയിനിലാണ്. വീട്ടില്‍ വച്ച് കാണാം' എന്ന സന്ദേശം മറുപടിയായി വരുന്നു.ബിന്നുകൾ പുറത്തെടുത്തുവെയ്ക്കാൻ മറക്കരുതെന്നും നാളെയാണ് അവ ശേഖരിക്കാൻ വരുന്നതെന്നും അവർ മകനു നിർദ്ദേശം നൽകുന്നുണ്ട്. ഇതിനിടെ മറുവശത്തെ സീറ്റിലിരുന്ന് അമ്മയുടെ വീഡിയോ അവരറിയാതെയെടുത്ത് അമ്മയ്ക്ക് അയക്കുന്നു. അതിനു താഴെ അവര്‍ 'ലോല്' എന്ന മറുപടി അയക്കുന്നു. കൂടാതെ, നിങ്ങൾ കുട്ടികളും നിങ്ങളുടെ ടെക്നോളജിയും എന്നു കൂടി അയക്കുന്നു.
ഈ സന്ദേശങ്ങൾക്കു താഴെ അവരുടെ ലൈവ് വീഡിയോ എടുത്ത് അയച്ച് കൊടുക്കുകയാണ് മകൻ. വീഡിയോ കണ്ട് ഒരു ചെറു പുഞ്ചിരിയോടെ ഫേസ്ബുക്ക് ലൈവാണോയെന്ന് അവര്‍ ചോദിക്കുന്നു. അതെ നിങ്ങളുടെ ഫേസ്ബുക്കില്‍ നിന്നും എന്ന മറുപടിയാണ് മകൻ അയക്കുന്നത്.
ബാറ്ററി തീർന്നു പോകും എന്നു പറഞ്ഞു അമ്മ മൊബൈൽ എടുത്തു വെയ്ക്കുകയാണ്. അതിനുശേഷം തന്റെ തന്റെ ഇടത് വശത്തേക്ക് നോക്കുന്പോഴാണ് മകനെ കാണുന്നത്. മകനെ കണ്ടതും അന്പരപ്പോടെ നോക്കുകയാണ്. എന്തായാലും വീഡിയോ കണ്ടവരുടെയെല്ലാം മനസ് നിറച്ചിരിക്കുകയാണ് ഈ അമ്മയും മകനും.