ലോകം മുഴുവൻ ഇങ്ങനെയായിരുന്നെങ്കിൽ... ദാഹിച്ചു വലഞ്ഞ ഗൊറില്ലയ്ക്ക് ആശ്വാസത്തിന്റെ കൈകൾ; ഹൃദയം നിറക്കും ഈ വീഡിയോ
Thursday, March 27, 2025 4:24 PM IST
ദാഹിച്ചു വലയുന്പോൾ എവിടെ നിന്നെങ്കിലും ഇത്തിരി വെള്ളം കിട്ടിയാൽ മതിയെന്നു കരുതുന്നവരാണ് നമ്മൾ. മനുഷ്യന് അപരിചതരാണ് ചുറ്റുമുള്ളവരെങ്കിലും ചോദിക്കാനെങ്കിലും പറ്റും. പക്ഷേ, മൃഗങ്ങൾക്കോ. അവർക്ക് ചോദിക്കാൻ പറ്റില്ലല്ലോ?
അങ്ങനെയൊരു ഗൊറില്ലയെ സഹായിക്കുന്ന ഒരു മനുഷ്യനെയാണ് വീഡിയോയിൽ കാണുന്നത്. ഒരു ഗൊറില്ല ദാഹിച്ചു വലഞ്ഞ് നിൽക്കുന്നതും ഒരു മനുഷ്യൻ ഗൊറില്ലയ്ക്ക് വെള്ളം കോരി നൽകുന്നതുമാണ് വീഡിയോയിൽ.
എന്തായാലും വീഡിയോ ഹൃദയസ്പർശിയാണെന്നും വീഡിയോ കണ്ട് കണ്ണു നിറഞ്ഞുവെന്നും കമന്റുകളുമുണ്ട്. "ലോകം മുഴുവൻ ഇങ്ങനെ ആയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു.' എന്ന കാപ്ഷനോടെയാണ് "AMAZlNGNATURE' എന്ന എക്സ്ഹാൻഡിൽ നിന്നുമാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്.
ഒരു കുളത്തിനോ നദിക്കോ സമീപമാണ് ഇരുവരും. ഗൊറില്ല വെള്ളത്തിലേക്ക് നോക്കി നിൽക്കുകയാണ്. അതിന്റെ ആവശ്യം മനസിലാക്കിയിട്ടെന്ന പോലെ ആ യുവാവ് തന്റെ കൈക്കുന്പിളിൽ വെള്ളം കോരി ഗൊറില്ലയ്ക്ക് നൽകുകയാണ്.
ആദ്യ തവണ കോരി നൽകിയ വെള്ളം മുഴുവൻ കുടിച്ച ഗൊറില്ല വീണ്ടും വെള്ളത്തിലേക്കു നോക്കുന്നു. അപ്പോൾ യുവാവ് വീണ്ടും വെള്ളം കോരി നൽകുകയാണ്. രണ്ടാമതു നൽകിയ വെള്ളം കുടിച്ച ശേഷം ആ യുവാവിന്റെ തോളിലേക്ക് പതുക്കെ തല ചായ്ച്ച് നന്ദി പ്രകടിപ്പിക്കാനും ഗൊറില്ല മറന്നില്ല.
ഇത് എന്റെ ഹൃദയത്തിലും കണ്ണുകളിലും നനവുണ്ടാക്കിയെന്നാണ് വീഡിയോ കണ്ട ഒരാളുടെ കമന്റ് മറ്റൊരാൾ “ഓ, മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ഊഷ്മളമായ ബന്ധം വളരെ മനോഹരമാണ്.” എന്നും കുറിച്ചു.