അന്ന് എല്ലാവരും എതിർത്തു, ഇന്ന് ആഘോഷമായങ്ങ് കല്യാണം കഴിച്ചു; മക്കളും കൊച്ചുമക്കളും സാക്ഷി
Thursday, March 27, 2025 11:07 AM IST
ഇന്ന് പ്രണയ വിവാഹങ്ങൾ അത്ര പുതുമയുള്ള കാര്യമൊന്നുമല്ല. പക്ഷേ, ആറുപതിറ്റാണ്ടു മുന്പ് അസാധരണമായ കാര്യമായിരുന്നു പ്രണയവിവാഹം. പ്രത്യേകിച്ച് രണ്ടു മതത്തിൽപ്പെട്ടവർക്കൂടിയാണെങ്കിൽ തീർന്നു.
ഗുജറാത്ത് സ്വദേശികളായ ഹർഷാദും മൃണുവും ബാല്യകാലം തൊട്ട് പ്രണയിച്ചു. കത്തുകളിലൂടെ തങ്ങളുടെ പ്രണയം കൈമാറി. ഹർഷാദ് ജൈനമതക്കാരനായിരുന്നു മൃണു ബ്രാഹ്മണ കുടുംബാംഗവും. മൃണുവിന്റെ കുടുംബം ഒരിക്കലും വിവാഹത്തിന് സമ്മതിക്കുമായിരുന്നില്ല. അവസാനം അവൾ ആ ധീരമായ തീരുമാനമെടുത്തു. "ഞാൻ ഇനി മടങ്ങി വരില്ല' എന്നൊരു കുറിപ്പെഴുതിവെച്ച് അവൾ ഹർഷാദിനൊപ്പം ഇറങ്ങിപ്പോയി. സംഭവം നടക്കുന്നത് 1961 ലാണ്. ഒരുമിച്ചൊരു ജീവിതം ആരംഭിച്ച അവർക്ക് മക്കളും കൊച്ചുമക്കളുമൊക്കെയായി. ഇന്നവരുടെ പ്രായം എൺപതുകളിലാണ്. വിവാഹം കഴിഞ്ഞിട്ട് 64 വർഷവും.
ഈ അടുത്ത് അറുപത്തിനാലാം വിവാഹ വാർഷിക ദിനത്തിൽ ഇരുവരും എല്ലാ ചടങ്ങുകളോടെയും വിവാഹിതരായി. മക്കളും മരുമക്കളും കൊച്ചുമക്കളും ചടങ്ങുകൾക്ക് സാക്ഷിയായി. ഇരുവരുടേയും വിവാഹത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പ്രണയത്തേക്കാൾ ശക്തമായി മറ്റൊന്നുമില്ല എന്നിങ്ങനെയാണ് വീഡിയോയ്ക്ക താഴെ വരുന്ന കമന്റുകൾ. ദ കൾച്ചർ ഗള്ളി എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നുമാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.