ആ മാല ഇവിടെ തന്നിട്ടു പോടോ! വിവാഹ മാലയുമായി പറന്നു പോയ ഡ്രോണിനോട് കലിപ്പോടെ വരൻ
Wednesday, March 26, 2025 3:17 PM IST
ഏറ്റവും രസകരമായ പല സംഭവങ്ങളും അരങ്ങേറുന്നത് വിവാഹ വേദികളിലാണ്. രസകരമായ ചടങ്ങുകൾ. രസകരമായ ആചാരങ്ങൾ. ചിലപ്പോഴൊക്കെ നിസാര കാര്യത്തിനുണ്ടാകുന്ന വഴക്കുകൾ ഇങ്ങനെ സംഭവബഹുലമാണ് പല വിവാഹങ്ങളും. ഫോട്ടോഗ്രാഫർമാർ, വീഡിയോഗ്രാഫർമാർ എന്നിവരെ വിവാഹ ആഘോഷങ്ങളിൽ നിന്നും ഒഴിച്ചു നിർത്താനേ പറ്റില്ല. ഇപ്പോൾഡ്രോണുകളും വിവാഹത്തിന്റെ അവിഭാജ്യഘടകമായിരിക്കുകയാണ്.
കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു വിവാഹ ദൃശ്യത്തിലെ വില്ലൻ ഒരു ഡ്രോണായിരുന്നു. കല്യാണം കൂടാനെത്തിയവരെ ആകെ ചിരിപ്പിച്ചു ഈ വില്ലൻ. പക്ഷേ, വരനാകട്ടെ ദേഷ്യവും വന്നു.
വിവാഹച്ചടങ്ങിലെ പ്രധാനപ്പെട്ട ഭാഗമാണ് വരനും വധുവും പരസ്പരം മാല അണിയിക്കുന്നത്. ഈ വിവാഹത്തിന് വരനെയും വധുവിനെയും മാല ഏൽപ്പിക്കാൻ ഡ്രോണിനെയാണ് ഏർപ്പെടുത്തിയിരുന്നത്. ഡ്രോൺ കയ്യിൽ തരുന്ന മാല പരസ്പരം അണിയിക്കാം എന്ന ധാരണയിലായിരുന്നു.
പക്ഷേ, ആ ധാരണകളെയൊക്കെ തകിടം മറിച്ചുകൊണ്ടായിരുന്നു ഡ്രോണിന്റെ പെരുമാറ്റം. വരനു നൽകാൻ മാലയുമായി ഡ്രോൺ പറന്നു പറന്ന് വരികയാണ്. മാല വാങ്ങിക്കാൻ തയ്യാറായി വരനും നിൽക്കുന്നു. പെട്ടന്നാണ് അത് സംഭവിച്ചത്. ഡ്രോൺ പറന്നു പറന്ന് വരനടുത്തെത്തിയിട്ടും വരനെ ശ്രദ്ധിക്കാതെ ഡ്രോണങ്ങ് പറന്നു. സംഭവം കൈവിട്ടു പോയി എന്നു കണ്ടതും വരൻ മാല ചാടി പിടിച്ചു. ഇതോടെ ഡ്രോൺ താഴെ വീണു.
കണ്ടു നിന്നവരൊക്കെ ചിരിക്കാൻ തുടങ്ങി. വരനാണെങ്കിൽ കലിപ്പും. അദ്ദേഹം ഡ്രോൺ ഓപ്പറേറ്ററെ ദേഷ്യത്തോടെ നോക്കുന്നത് വീഡിയോയിൽ കാണാം. @ravi_arya_88 എന്നയാളാണ് ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.