ബാത്റൂമിൽ വരെ എസി, ഇത്രയും ആഢംബരം മതിയോ? കുടിലല്ല കൊട്ടാരമണ് ഈ വീട്
Tuesday, March 25, 2025 3:31 PM IST
സമൂഹമാധ്യമങ്ങളിൽ വൈറലാകാൻ നിമിഷങ്ങൾ മതി. പ്രത്യേകിച്ച് വിചിത്രവും അസാധാരണവുമായ കാര്യങ്ങളാണെങ്കിൽ തീർന്നു. കാരണം അത്തരം കാര്യങ്ങൾ ഏറ്റെടുക്കാൻ സോഷ്യൽ മീഡിയ ഉപഭോക്താക്കൾക്ക് ഏറെ താൽപര്യമാണ്. അതിന് കൊട്ടാരം തന്നെ വേണമെന്നില്ല കുടിലായാലും വൈറലാകും. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.
ഒരു ഗ്രാമത്തിലെ വീടാണ്. പുറമേ നിന്നു നോക്കുന്പോൾ ഓടുമേഞ്ഞ വളരെ ചെറിയ ഒരു വീട്. അത്തരമൊരു വീടിന്റെ അകത്തളത്തേക്കുറിച്ച് പലർക്കുമൊരു ധാരണയുണ്ടാകും. ഒന്നോ രണ്ടോ കസേരകൾ. ഒരു ഫാൻ തന്നെ അധികം എന്നൊക്കെ. ആ പ്രതീക്ഷകൾഅവിടെ നിൽക്കട്ടെ.
വീഡിയോ ഒന്നു കണ്ടു നോക്കു. 7stargrandmsti എന്ന ഇൻസ്റ്റാഗ്രാം ഐഡിയിൽ നിന്നുമാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അകത്തേക്കു പ്രവേശിക്കുന്പോൾ കാത്തിരിക്കുന്നത് തിളങ്ങുന്ന ഇന്റീരിയറും നിങ്ങൾ പ്രതീക്ഷിക്കാത്ത സ്ഥലങ്ങളിലുൾപ്പെടെ ആവശ്യത്തിലധികം സൗകര്യങ്ങളുമുള്ള ഒരു ആഢംബര വീടാണ്.
ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലക്ഷക്കണക്കിന് ലൈക്കുകളാണ് ഈ വീഡിയോനേടിയത്. വിലയേറിയ ടൈലുകൾ, ആധുനിക ലൈറ്റിംഗ്, വലിയ സ്ക്രീനുള്ള ടിവി, മൃദുവായ സോഫ തുടങ്ങി നിരവധി ആഡംബര ഇന്റീരിയറുകൾ ആ വീട്ടിൽ ഉണ്ടെന്ന് കാണാൻ കഴിയും. ബാത്റൂമിൽ ഒരു എയർ കണ്ടീഷണർ (എസി) പോലും സ്ഥാപിച്ചിട്ടുണ്ട്. ഇത് നിരവധി രസകരമായ പ്രതികരണങ്ങൾക്കും കാരണമായി.
വൈറൽ വീഡിയോയ്ക്ക് കമന്റുമായി നിരവധി പേരാണ് എത്തിയത്. ചില രസകരമായ കമന്റുകളും ഉണ്ടായിരുന്നു. "ഒരു പുസ്തകത്തിന്റെ പുറംചട്ട നോക്കി ഒരിക്കലും അതിനെ വിലയിരുത്തരുത്'.
"പുറത്ത് നിന്ന് ഒരു കുടിലും അകത്ത് നിന്ന് ഒരു 5-സ്റ്റാർ ഹോട്ടലും" എന്നിങ്ങനെ പോകുന്നു വീഡിയോയ്ക്കുള്ള കമന്റുകൾ. "നിങ്ങൾക്ക് പണമുണ്ടെങ്കിൽ എന്തും സാധ്യമാണ് എന്നാണ് ഒരാൾ പറഞ്ഞത്. ഇത് ഹാരി പോട്ടറിന്റെ മാന്ത്രിക വീട് പോലെ തോന്നുന്നുവെന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു.