ഞാൻ കാത്തിരിക്കുന്നു,മോതിരവുമായി അവൾ വരുന്നത്; കാമുകന്റെ അരുമയെ പരിചയപ്പെടുത്തി യുവതി
Tuesday, March 25, 2025 10:34 AM IST
വിവാഹ ദിനത്തിൽ ചടങ്ങുകളിലും ആഘോഷങ്ങളിലും എന്തെല്ലാം വ്യത്യസ്തത കൊണ്ടു വരാം എന്നു ചിന്തിക്കുന്നവരാണ് അധികവും. അങ്ങനെ വെറൈറ്റി കല്യാണങ്ങളൊക്കെ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുമുണ്ട്.
വിവാഹച്ചടങ്ങിലെ പ്രധാന ഘടകമാണ് വിവാഹ മോതിരം. വിദേശ കല്യാണങ്ങളിലെ ഏറ്റവും ട്രെൻഡിംഗായിട്ടുള്ള പരിപാടിയാണ് തങ്ങളുടെ അരുമ മൃഗങ്ങളുടെ കയ്യിൽ വിവാഹ മോതിരങ്ങൾ കൊടുത്തു വിടുന്നത്. അരുമ നായ്ക്കളാണ് ഈ ചടങ്ങിലെ പ്രാധാനി.
അതുപോലൊരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഇവിടെതാരം ഒരു പ്രാണിയാണ്. ഇൻസ്റ്റഗ്രാമിൽ uyenninh എന്ന ഐഡിയിൽ നിന്നുമാണ് ഒരു യുവതി വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
അവളെ ഇനി എനിക്ക് പേടിയില്ല എന്ന കാപ്ഷനോടെയാണ് യുവതി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. തന്റെ ബോയ്ഫ്രണ്ട് പറയുന്നത് തങ്ങളുടെ വിവാഹത്തിന് റിങ് ബെയറർ (വിവാഹമോതിരവുമായി എത്തുന്നയാൾ) ആയി എത്തുന്നത് അയാൾ അരുമയായി വളർത്തുന്ന പ്രാണിയെയാണ് എന്നാണ്. അത് പച്ച നിറത്തിലൊരു പ്രാണിയാണ്.
യുവാവിന്റെ കയ്യിലൂടെ മോതിരവുമായി നടക്കുന്ന പ്രാണിയെ വീഡിയോയിൽ കാണിക്കുന്നുണ്ട്. ഇത് മികച്ച ആശയമാണെന്നു പറഞ്ഞാണ് നിരവധി കമന്റുകൾ വരുന്നത്. പക്ഷേ, സംഭവം അൽപ്പം റിസ്കാണെന്നും സൂക്ഷിക്കണമെന്നു നിർദ്ദേശിക്കുന്നവരുമുണ്ട്.