ഞാൻ കയ്യിൽ രാഖി കെട്ടിതരാം പകരം നിനക്കെന്തു വേണം? ഒരു പാവ... എത്ര നിഷ്കളങ്കാണീ സൗഹൃദം
Monday, March 24, 2025 4:00 PM IST
സൗഹൃദത്തോളം മനോഹരമായി ഈ ലോകത്ത് എന്തുണ്ട്? എപ്പോഴൊക്കെയോ ജീവിതത്തിലേക്ക് വന്നു ചേരുന്നവരാണ് പിന്നീട് ജീവിതകാലം മുഴുവനുമുള്ള സുഹൃത്തുക്കളാകുന്നത്. കുഞ്ഞുങ്ങളുടെ സൗഹൃദം പ്രത്യേകിച്ച് വളരെ രസകരവും നൈർമല്യവുമാണ്. അത്തരത്തിലൊരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
ഗോവയിലെ ഒരു കോൺവെന്റ് സ്കൂളിലെ വിദ്യാർഥികളായ നിഷ്കയും കുനാലുമാണ് വീഡിയോയിലുള്ളത്. അച്ഛനമ്മമാർ ഇല്ലാത്ത കുട്ടികൾ സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന വീടുകളിലെ കുട്ടികൾ എന്നിവർക്ക് ഇവർ പഠിക്കുന്ന സെന്റ് ജോൺ ഓഫ് ദി ക്രോസ് സ്കൂളിൽ താമസിച്ചു പഠിക്കാൻ പറ്റും.
സിദ്ധേഷ് ലോകറെ എന്ന ഇൻഫ്ലുവൻസറാണ് ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇവൾ നിന്റെ ബെസ്റ്റ് ഫ്രണ്ടാണോ എന്നു സിദ്ധേഷ് കുനാലിനോട് ചോദിക്കുന്നുണ്ട്. അപ്പോൾ തന്നെ അവൻ അതേ എന്നു പറയുന്നു.
അദ്ദേഹം കുട്ടികളോട് 'സ്നേഹമാണോ, സൗഹൃദമാണോ നല്ലതെന്നു ചോദിക്കുന്നുണ്ട്. രണ്ടുപേരും 'സൗഹൃദം' എന്നു മറുപടി നൽകി. പിന്നെ അദ്ദേഹം ഒരു രസകരമായ ചോദ്യമാണ് ചോദിക്കുന്നത്. ഒരു ബോട്ടിൽ ഒരു കോടി രൂപ, മറ്റൊരു ബോട്ടിൽ നിഷ്ക. രണ്ടു ബോട്ടുകളും വെള്ളത്തിൽ മുങ്ങാൻ തുടങ്ങിയാൽ ഏതു ബോട്ടിനെയാണ് കുനാൽ രക്ഷിക്കുന്നതെന്നാണ് ചോദ്യം. അപ്പോഴും കുനാലിന് ഒട്ടും ആലോചിക്കേണ്ടി വന്നില്ല. കുനാലുള്ള ബോട്ട് എന്ന് അവൻ മറുപടി നൽകി.
ഇരുവരും കെട്ടിപ്പിടിക്കുകയും ഒരിക്കലും പിരിയില്ലെന്നു വാഗ്ദാനം ചെയ്യുകയും ചെയ്യുന്നുമുണ്ട്.
എല്ലാ വർഷവും കുനാലിന്റെ കയ്യിൽ രാഖി കെട്ടിക്കൊടുക്കുമെന്നാണ് നിഷ്കയുടെ വാഗ്ദാനം. പകരം എന്തു വേണമെന്നുള്ള ചോദ്യത്തിന് 'ഒരു പാവ' എന്നായിരുന്നു നഷ്കയുടെ മറുപടി. അത് എന്തായാലും നൽകുമെന്നു കുനാലും ഉറപ്പു നൽകുന്നു.