ജെസിബിക്കു മുന്നിൽ എന്തു കാട്ടാന..? കാട്ടാന-ജെസിബി ഏറ്റുമുട്ടൽ വൈറൽ
Tuesday, February 11, 2025 1:04 PM IST
കാട്ടാനയും ജെസിബിയും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി. വടക്കൻ ബംഗാളിലെ ജൽപായ്ഗുരിയിലാണു സംഭവം. ഗ്രാമത്തിലിറങ്ങിയ കാട്ടാനയെ തുരത്താൻ കൊണ്ടുവന്നതായിരുന്നു ജെസിബി.
ഗ്രാമീണർ ജെസിബിയുടെ സഹായത്തോടെ കാട്ടാനയെ തുരത്തി വയലിലെത്തിച്ചു. അവിടെവച്ച് പ്രകോപിതനായ കൊന്പനാന ജെസിബിയെ ആക്രമിക്കുകയായിരുന്നു.
ആന മസ്തകംകൊണ്ട് ജെസിബിയെ കുത്തുന്നതു ദൃശ്യങ്ങളിൽ കാണാം. കുത്തേറ്റ് ജെസിബി തറയിൽനിന്ന് ഉയർന്നുപൊങ്ങുന്നു. എന്നാൽ, ജെസിബിയിൽ ഇടിച്ചതിനെത്തുടർന്നു പരിക്കുപറ്റിയ കാട്ടാന പിന്നീടു പിന്തിരിഞ്ഞു. ഇതോടെ കൂട്ടമായെത്തിയ ഗ്രാമീണർ ജെസിബിയിൽ പിന്തുടർന്ന് ആനയെ ആക്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവത്തിൽ ആളപായമോ, പരിക്കോ ഉണ്ടായതായി റിപ്പോർട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.