വിദേശവനിതയ്ക്കൊപ്പം ഫോട്ടോയെടുക്കണോ? ഒരു സെൽഫിക്ക് നൂറ് രൂപ; റഷ്യൻയുവതിയുടെ വീഡിയോ
Tuesday, January 21, 2025 10:56 AM IST
വിദേശികളെ കാണുന്നതും അവരോട് സംസാരിക്കുന്നതുമൊക്കെ പണ്ട് ഒരു കൗതുകമായിരുന്നു. എന്നാൽ ഇന്ന് വിദേശികളെ കാണുന്നത് സാധാരണമായി മാറിയിരിക്കുന്നു. എങ്കിലും വിദേശികളോടൊത്ത് സെൽഫിയെടുക്കാൻ ആഗ്രഹിക്കുന്ന ആളുകളൊക്കെ ഇന്നും ഉണ്ടാവുമോ എന്ന് നമ്മൾ സംശയിക്കുന്നുണ്ടാവും.
എന്നാൽ, ഇന്നും അങ്ങനെയൊക്കെയുള്ള ആളുകളുണ്ട് എന്ന് തെളിയിക്കുകയാണ് ഈ സംഭവം. ഇന്ത്യയിലെത്തിയ ഒരു റഷ്യക്കാരി തന്റെ കൂടെ സെൽഫി എടുക്കുന്നതിന് ഒരാളിൽ നിന്നും 100 രൂപയാണ് ഈടാക്കുന്നത്.
@angelinali777 എന്ന ഇൻസ്റ്റഗ്രാം യൂസറാണ് ഇതിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇവിടെയുള്ളവർ നിരന്തരം സെൽഫി എടുക്കാനാവശ്യപ്പെട്ട് ബുദ്ധിമുട്ടിക്കാൻ തുടങ്ങിയതോടെയാണ് റഷ്യക്കാരിയായ യുവതി ഇങ്ങനെ ഒരു കാര്യം ചെയ്തത് എന്നാണ് പറയുന്നത്.
ഇന്ത്യയിലെ ബീച്ചുകളിൽ വിദേശികൾ അനുഭവിക്കുന്ന പ്രധാന പ്രശ്നമാണ് ഇങ്ങനെ സെൽഫി എടുക്കുന്നത്. അതിനൊരു പരിഹാരമാണ് ഇങ്ങനെ പൈസ ഈടാക്കുന്നത് എന്നാണ് വീഡിയോയിൽ എഴുതിയിരിക്കുന്നത്.
ഇപ്പോൾ എല്ലാവരും ഹാപ്പിയാണ് എന്നാണ് യുവതി പറയുന്നത്. ഇന്ത്യക്കാർക്ക് വിദേശികളോടൊപ്പമുള്ള സെൽഫിയും ആയി. വിദേശികളാണ് എങ്കിൽ മടുക്കുകയുമില്ല എന്നും യുവതി പറയുന്നു. വീഡിയോയിൽ യുവതി 'ഒരു സെൽഫിക്ക് നൂറുരൂപ' എന്ന് എഴുതിയ കടലാസും പിടിച്ചുകൊണ്ട് നിൽക്കുന്നത് കാണാം.