വിവാഹവേദിയിൽ അടിച്ചു ഫിറ്റായി വരൻ; കല്യാണം ഒഴിവാക്കി വധുവിന്റെ അമ്മ; വീഡിയോ
Wednesday, January 15, 2025 12:22 PM IST
താലി കെട്ടലിന് വരനും സുഹൃത്തുക്കളും കല്യാണമണ്ഡപത്തിലെത്തിയത് അടിച്ചു ഫിറ്റായി. നന്നായി മദ്യപിച്ചിരുന്ന വരന്റെ പെരുമാറ്റത്തിലെ പന്തികേടുകൾ തുടക്കത്തിൽ ആരും അത്ര കാര്യമാക്കിയില്ല. കൂട്ടുകാരടക്കം ചിലർ വരനെ കൈയടിച്ചു പ്രോത്സാഹിപ്പിക്കുകയും ചെയ്തു. എന്നാൽ, താലി ആരതിയുഴിയാനായി വച്ചിരുന്ന പാത്രം ഇയാൾ വലിച്ചെറിഞ്ഞതോടെ കാര്യങ്ങൾ കൈവിട്ടുപോയി.
ഭാവിമരുമകന്റെ കാട്ടായങ്ങൾ വധുവിന്റെ അമ്മയ്ക്ക് ഒട്ടും പിടിച്ചില്ല. "നിങ്ങളുടെ മകന് ഇന്ന് ഇങ്ങനെയാണ് പെരുമാറുന്നതെങ്കില്‍ നാളെ എന്റെ മകളുടെ ഭാവി എന്താകുമെന്ന്' ചോദിച്ച് അവർ വരന്റെ മാതാപിതാക്കളോടു കയർത്തു. അവിടംകൊണ്ട് നിർത്താതെ കല്യാണത്തിൽ പങ്കെടുക്കാൻ എത്തിയവർക്കുനേരേ കൈകൂപ്പി താനും മകളും ഈ വിവാഹബന്ധത്തില്‍നിന്നു പിന്മാറുകയാണെന്നും എല്ലാവരും പിരിഞ്ഞുപോകണമെന്നും അറിയിച്ചു.
ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. നിരവധി പേര് അമ്മയെ അഭിനന്ദിച്ചു രംഗത്തെത്തി. ഇത്തരമൊരു നീക്കം നടത്തിയതിലൂടെ ആ അമ്മയ്ക്കു മകളുടെ ദുരിതം കാണേണ്ടിവന്നില്ലെന്നു ചിലര്‍ കുറിച്ചു.
ലോകം എന്തു പറയുമെന്നതിനെക്കുറിച്ച് ആശങ്കപ്പെടാതെ സ്വന്തം മക്കൾക്കായി ഇന്ത്യൻ സ്ത്രീകൾ പരസ്യമായി നിലകൊള്ളുന്നത് ഞാൻ ഇഷ്ടപ്പെടുന്നു എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.