റീലിന് വേണ്ടി എന്തുംചെയ്യും, ട്രെയിനിന്റെ സീറ്റ് വലിച്ചുകീറി റീലെടുത്ത് യുവാവ് ഈ നാട് ഇതെങ്ങോട്ടെന്ന് ചോദ്യങ്ങൾ
Thursday, January 2, 2025 11:14 AM IST
റീലുകൾ ഭരിക്കുന്ന സൈബറിടങ്ങളാണ് ഇപ്പോൾ എല്ലായിടത്തും താരം. കൈവിരലുകൾ യാന്ത്രികമായി ചലിക്കുന്നത് റീലുകൾ സ്ക്രോൾ ചെയ്തുപോകുന്നതിലേയ്ക്ക് മാറിയിരിക്കുന്നു. യുവാക്കൾക്കിടയിൽ ഇപ്പോൾ റീലുകൾ ഷൂട്ട് ചെയ്യുക എന്നതാണ് സംഭവബഹുലമായ കാര്യമായി മാറിയിരിക്കുന്നത്.
ഇന്ത്യന്‍ റെയില്‍വേയുടെ എസി, റിസര്‍വേഷന്‍ കോച്ചുകളില്‍ കാണിക്കുന്ന അക്രമങ്ങള്‍, വൃത്തി ഇല്ലായ്മ, സുരക്ഷാ പ്രശ്നം, മറ്റ് അസൗകര്യങ്ങളെല്ലാം റീലുകളായി കാണിക്കുന്നവരുണ്ട്. എന്നാല്‍, ഏറ്റവും പുതിയൊരു റീലില്‍ റെയില്‍വേ സംവിധാനങ്ങളെ നശിപ്പിക്കുന്നത് ചിത്രീകരിച്ചപ്പോള്‍ പ്രതിഷേധവുമായി സമൂഹ മാധ്യമ ഉപയോക്താക്കള്‍ തന്നെ രംഗത്തെത്തി.
ഒരു യുവാവ് ലോക്കല്‍ ട്രെയിനിന്റെ സീറ്റ് വലിച്ച് കീറി ജനലിലൂടെ പുറത്തേക്കെറിയുന്നു. പിന്നീട് ബര്‍ത്തിലെ പ്ലൈവുഡ് പൊളിച്ചെടുത്ത് അതും ജനലിലൂടെ പുറത്തേക്കെറിയുന്നതാണ് വീഡിയോയില്‍ ഉള്ളത്. ഇത്തരം ആളുകളെ കണ്ടെത്തി കൃത്യമായ ശിക്ഷ നല്‍കണമെന്ന് നിരവധി സമൂഹ മാധ്യമ ഉപയോക്താക്കള്‍ ആവശ്യപ്പെട്ടു.
രാത്രിയില്‍ ചിത്രീകരിച്ച വീഡിയോ എപ്പോള്‍, എവിടെ, ഏത് ട്രെയിനിലാണെന്ന് ചിത്രീകരിച്ചതെന്ന് പറയുന്നില്ല. 'ഇതേ വ്യക്തി പിന്നീട് ഒരു യൂട്യൂബറുമായി സംസാരിക്കും, സർക്കാരിനെ കുറ്റപ്പെടുത്തുകയും റെയിൽവേയുടെ മോശം അവസ്ഥയെക്കുറിച്ച് പരാതിപ്പെടുകയും ചെയ്യും' എന്ന അടിക്കുറിപ്പോടെ സിൻഹ എന്ന എക്സ് ഉപയോക്താവാണ് പങ്കുവച്ചത്.
വീഡിയോയില്‍ യുവാവ് ചിരിച്ച് കൊണ്ട് ലോക്കല്‍ ട്രെയിനിലെ സീറ്റുകള്‍ കീറിക്കളയുന്നത് കാണാം. ഇയാള്‍ പിന്നീട് ബര്‍ത്തും നശിപ്പിക്കുന്നു. വീഡിയോ എക്സില്‍ അഞ്ചര ലക്ഷം പേരാണ് കണ്ടത്. വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേര് ഇയാളെ കണ്ടെത്തി ശിക്ഷിക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.