ജസ്റ്റ് ഒരു വെക്കേഷൻ ട്രിപ്പ്! യുപിയില്‍ നിന്നും ബീഹാറിലേക്ക് പെരുമ്പാമ്പിന്റെ ട്രക്ക് യാത്ര
Tuesday, December 3, 2024 2:56 PM IST
അരുമകളായ വളർത്തുമൃഗങ്ങൾക്കൊപ്പം യാത്ര ചെയ്യുന്നവരാണ് പലരും. അതിൽ
മനുഷ്യനെ അതിശയിപ്പിക്കുന്ന തരത്തില്‍ യാത്രകള്‍ ചെയ്യുന്ന മൃഗങ്ങളുമുണ്ട്. എന്നാൽ ഇവിടുത്തെ യാത്രക്കാരൻ മറ്റാരുമല്ല, കൂറ്റനൊരു പെരുമ്പാന്പ് ആണ്.
ഉത്തർപ്രദേശിലെ കുശിനഗറിൽനിന്നു ബിഹാറിലെ നർകതിയഗഞ്ചിലേക്കായിരുന്നു ഈ സാറിന്റെ യാത്ര. റോഡ് നിര്‍മാണത്തിന് കല്ലുകൾ കൊണ്ടുപോകുന്ന ട്രക്കിന്റെ എഞ്ചിന് മുകളില്‍ ഒളിച്ചിരുന്നായിരുന്നു പെരുമ്പാമ്പിന്റെ ദീർഘദൂര യാത്ര. 98 കിലോമീറ്റര്‍ ദൂരം പെരുമ്പാമ്പുമായി ട്രക്ക് സഞ്ചരിച്ചെങ്കിലും ഡ്രൈവർ ഇക്കാര്യം അറിഞ്ഞിരുന്നില്ല.
തൊഴിലാളികൾ ട്രക്കിൽനിന്ന് കല്ലുകൾ ഇറക്കുമ്പോഴാണ് പെരുമ്പാമ്പ് ശ്രദ്ധയിൽപ്പെട്ടത്. 16 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനുശേഷമാണ് പാമ്പിനെ വണ്ടിയുടെ എഞ്ചിനില്നിന്നു പുറത്തെടുക്കാനായത്. എഞ്ചിനുള്ളിൽ കുടുങ്ങിക്കിടന്ന് ഇത്രയധികം ദൂരം യാത്ര ചെയ്തിട്ടും പാമ്പിന് കാര്യമായ പരിക്കുകളുണ്ടായിരുന്നില്ല.
യുപിയിലെ കുശിനഗർ പ്രദേശം ധാരാളം പാമ്പുകളുള്ള ഒരു പ്രദേശമാണ്. പെരുമ്പാമ്പിനെ പിന്നീട് വാത്മീകി നഗര്‍ കാട്ടിലേക്ക് തുറന്നുവിട്ടു.