പ്രശസ്തിയുടെ കൊടുമുടിയില്‍; പിരമിഡ് കയറുന്ന നായ
Tuesday, November 19, 2024 3:13 PM IST
ലോകാദ്ഭുതങ്ങളില്‍ ഒന്നാണല്ലൊ ഈജിപ്തിലെ പിരമിഡുകള്‍. ഇന്നും ഇതിന്റെ നിര്‍മിതിയുടെ അദ്ഭുതം ആരേയും ചിന്തിപ്പിക്കും. ലോകത്തിന്റെ പലകോണുകളില്‍ നിന്നും നിരവധിപേര്‍ ഈ അദ്ഭുതം കാണാന്‍ ദിനംപ്രതി എത്താറുണ്ട്.
കാമറകളുടെ കാലത്ത് നിരവധിപേര്‍ ഇതിന്റെ വിവിധ കോണുകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളിലും എത്തിക്കുന്നു. എന്നാല്‍ അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ എത്തിയ ഒരു പിരമിഡ് വീഡിയോ ശ്രദ്ധ നേടിയത് മറ്റൊരു കാരണത്താലാണ്.
ദൃശ്യങ്ങളില്‍ ഈജിപ്തിലെ ഗിസയിലെ ഖഫ്രെയിലെ ഗ്രേറ്റ് പിരമിഡ് ആണുള്ളത്. ഈ പിരമിഡിന്റെ മുകളിലേക്ക് ഒരു നായ കയറുന്നതാണുള്ളത്. അപ്പോളോ എന്ന് പേരുള്ള ഒരു തെരുവ് നായ ആണിത്. മൂന്നുവയസുള്ള ഈ നായ അത്രയും മുകളിലേക്ക് കൂളായി നടന്നു കയറുകയും പക്ഷികളെ നോക്കി കുരയ്ക്കുകയുമാണ്.
അപ്പോളോ ഒരു ബലാഡി നായയാണ്. ഈജിപ്തിലെ കഠിനമായ കാലാവസ്ഥയെ നന്നായി സഹിക്കാൻ കഴിയുന്ന നായ ഇനമാണ്. ഗിസ പീഠഭൂമിയുടെ പ്രദേശങ്ങളിൽ സ്വതന്ത്രമായി അലഞ്ഞുതിരിയുന്ന ഏകദേശം എട്ട് നായ്ക്കളുടെ കൂട്ടത്തെ അദ്ദേഹം നയിക്കുന്നു.
യഥാർഥത്തിൽ ഖഫ്രെ പിരമിഡിന്റെ പാറ വിള്ളലിൽ അപ്പോളോയുടെ തള്ളപ്പട്ടി ലൈക ഗർഭിണിയായിരുന്നപ്പോൾ അവിടെ അഭയം കണ്ടെത്തി. സങ്കടകരമെന്നു പറയട്ടെ, അപകടകരമായ സാഹചര്യങ്ങൾ നിമിത്തം അപ്പോളയുടെ സഹോദരങ്ങളിൽ ചിലർക്ക് കാലാവസ്ഥയെ അതിജീവിക്കാനായില്ല.
അമേരിക്കയില്‍ നിന്നുള്ള പാരാഗ്ലൈഡിംഗ് പ്രേമിയായ അലക്സ് ലാംഗ് ഷൂട്ട് ചെയ്ത അപ്പോളയുടെ പിരമിഡ് ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ അപ്പോളോ വൈറലായി മാറി. അപ്പോളോ 136 മീറ്റര്‍ പിരമിഡില്‍ അനായാസമായി കയറുന്നത് അവന് ലോകപ്രശസ്തി നല്കി. ഇക്കാര്യം നിമിത്തം വിനോദസഞ്ചാരികള്‍ ഈ ഇടം പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു.
വൈറലായി മാറിയ ദൃശ്യങ്ങള്‍ക്ക് നിരവധി അഭിപ്രായങ്ങള്‍ ലഭിച്ചു. "ആല്‍ഫ' എന്നാണ് അമേരിക്കന്‍ കെയ്റോ ആനിമല്‍ റെസ്ക്യൂ ഫൗണ്ടേഷന്റെ സഹസ്ഥാപകനായ ഇബ്രാഹിം എല്‍-ബെന്‍ഡറി അപ്പോളയെ വിശേഷിപ്പിച്ചത്. ആളുകള്‍ പറന്നിറങ്ങുമ്പോള്‍ ഇതൊക്കെ നിസാരമെന്ന് മുകളില്‍ നിന്നും അപ്പോളൊ പറയുന്നു എന്നാണ് മറ്റൊരാള്‍ പറഞ്ഞത്.