ആളുടെ അതിവേഗം ബൈക്കില്‍ നിന്നും കാര്‍ യാത്രികനാക്കി മാറ്റി; വീഡിയോ
Thursday, November 14, 2024 2:38 PM IST
അമിതവേഗം ആപത്തിലേക്ക് നയിക്കുമെന്ന് എല്ലാവര്ക്കും അറിയാം. എന്നിരുന്നാലും പലരും ബൈക്കിനെയും കാറിനെയുമൊക്കെ ജെറ്റ് വിമാനമാക്കും. തുടര്‍ന്ന് അവരൊ അല്ലെങ്കില്‍ ഏതെങ്കിലും ഹതഭാഗ്യരോ "മേഘങ്ങള്‍ കടന്നുപോകും'.
എത്ര ഉപദേശിച്ചാലും ശിക്ഷ നല്കിയാലും ഇക്കാര്യങ്ങള്‍ ആവര്ത്തുകൊണ്ടിരിക്കുന്നു. എന്നാല്‍ ചിലരെ ഭാഗ്യം വല്ലാതെ കടാക്ഷിക്കും. അവര്‍ അദ്ഭുതകരമായി രക്ഷപ്പെടും. അത്തരമൊരു ഭാഗ്യവാന്റെ വീഡിയോ കഴിഞ്ഞയിടെ ഫേസ്ബുക്കില്‍ എത്തുകയുണ്ടായി.
"ഡാഷ് കാം ഓണേഴ്സ് ഓസ്ട്രേലിയ'പങ്കിട്ട ഫൂട്ടേജില്‍ തിരക്കുള്ള ഒരു നിരത്തിലൂടെ വാഹനങ്ങള്‍ കടന്നുപോവുകയാണ്. യുഎസിലെ അല്ടോണയ്ക്ക് സമീപമുള്ള പ്രിന്‍സസ് ഫ്രീവേയിലേതാണ് ദൃശ്യങ്ങള്‍.
ഒരു യുവാവ് മോട്ടോര്‍ സൈക്കിളില്‍ അമിത വേഗതയില്‍ എത്തുകയാണ്. അയാള്‍ രണ്ട് കാറുകള്‍ക്കിടയിലൂടെ മറികടന്നുപോകാനാണ് ഉദ്ദേശിച്ചത്. പക്ഷെ പിന്നിലെ കാര്‍ വലത്തേക്ക് വെട്ടിച്ചതോടെ യുവാവിന് നിയന്ത്രണം നഷ്ടമായി. അയാളുടെ ബൈക്ക് മുന്നിലെ കാറില്‍ ഇടിക്കുന്നു.
ഒരു നിമിഷം വട്ടം കറങ്ങിയ യുവാവ് ആ കാറിന്റെ മേല്ക്കൂരയിലായി. അയാളുടെ ബൈക്ക് തെറിച്ചുപോയി. ഇയാളുമായി അല്പദൂരം സഞ്ചരിച്ചശേഷം ആ കാര്‍ നിര്‍ത്തി. അതിന്റെ ഡ്രൈവര്‍ ഇറങ്ങി വരുന്നു. പിന്നാലെ എത്തിയ മറ്റൊരു ബൈക്ക് യാത്രികനും അവിടേക്ക് എത്തുന്നു. ഈ സമയമത്രയും യുവാവ് വേദനകൊണ്ട് പുളയുന്നുണ്ട്. ഇവര്‍ക്കെല്ലാം പിന്നിലായി എത്തിയ കാറിന്റെ മുന്‍വശത്തെ കാമറയിലാണ് ഈ ദൃശ്യങ്ങള്‍ പതിഞ്ഞത്.
ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ നിരവധിപേര്‍ കമന്റുകളുമായി എത്തി. "അമിതവേഗത്തിന്റെ ഫലം മനസിലാക്കാന്‍ അയാള്‍ ജീവനോടെ ഉണ്ട്; അതൊരു ഭാഗ്യം' എന്നാണൊരാള്‍ കുറിച്ചത്.