ഉയരം അളക്കാനുള്ള ടീച്ചറുടെ ക്രിയേറ്റീവ് ട്രിക്ക്; ക്ലിക്കായി
Wednesday, November 13, 2024 2:08 PM IST
ബാല്യത്തിലും കൗമാരത്തിലും ആളുകള്‍ ഏറെ ടെന്‍ഷനടിക്കുന്ന ഒരു കാര്യമാണ് പൊക്കം. പ്രതീക്ഷിക്കാത്ത ഉയരം ഉണ്ടാകുന്നില്ലെങ്കില്‍ മാതാപിതാക്കള്‍ക്കും ആകെ ടെന്‍ഷനാണ്. തോളത്ത് കൈയിട്ട് നടന്ന കൂട്ടുകാരന് "പത്തല് കോലുപോലെ' പൊക്കംവെച്ച് "വലിയവനാകുമ്പോള്‍' പലരും ഖിന്നരാകും.
മിക്കവരും തങ്ങളുടെ "വളര്‍ച്ച' അളന്നുനോക്കാറുണ്ട്. ടേപ്പോ സ്കെയിലൊ ഒക്കെയാകും ഇതിനായി ഉപയോഗിക്കുക. എന്നാല്‍ ഡല്‍ഹിയിലുള്ള ഒരു ടീച്ചര്‍ ഇതൊന്നും ഇല്ലാതെ ഉയരം അളക്കാനുള്ള കാര്യം കുട്ടികളെ കാട്ടികൊടുക്കുന്നു.
ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയില്‍ സപ്ന ഭാട്ടിയ എന്ന അധ്യാപിക ക്ലാസ് റൂമില്‍ ബോര്‍ഡിന് അടുത്തായി നില്ക്കുന്നു. ശേഷം അവര്‍ വളഞ്ഞ് ഒരുകൈ നിലത്ത് കുത്തി മറ്റേ കൈ നീട്ടി ബോര്‍ഡിന്റെ ഒരുഭാഗത്ത് തൊടുന്നു.
ശേഷം ആ ഭാഗം അടയാളപ്പെടുത്തുന്നുണ്ട്. അവര്‍ നിവര്ന്നുനില്ക്കുമ്പോള് അവര്‍ക്ക് എത്ര നീളം എന്നത് കൃത്യമായി അതില്‍നിന്നും അറിയാന്‍ കഴിയുന്നു. പല കുട്ടികളും ഇത്തരത്തില്‍ നീളം അളക്കുന്നു. വാസ്തവത്തില്‍ ഈ "ആം സ്പാന്‍' ഉയരമളക്കല് പുതിയ കാര്യമല്ല. എന്നിരുന്നാലും കുട്ടികളില്‍ അത് കൗതുകവും അതിശയവും ജനിപ്പിച്ചു.
വൈറലായി മാറിയ ദൃശ്യങ്ങള്‍ക്ക് നിരവധി അഭിപ്രായങ്ങള്‍ ലഭിച്ചു. "വിജ്ഞാനപ്രദം' എന്നാണൊരാള്‍ കുറിച്ചത്. "ഇത് എന്നെ പഠിപ്പിച്ചത് എന്റെ മുത്തശ്ശിയാണ്' എന്നാണ് മറ്റൊരാള്‍ അഭിപ്രായപ്പെട്ടത്.