"ഈ ചൈനാക്കാരെ കൊണ്ടുതോറ്റു'; ട്രെഡ്മില്ലില് ഇതിനായും നടക്കാം...
Tuesday, November 12, 2024 10:35 AM IST
ലോകത്ത് ഏറ്റവും കൗതുകകരമായ കാര്യങ്ങള്‍ മിക്കപ്പോഴും അവതരിപ്പിക്കുന്നത് ചൈനാക്കാര്‍ ആണല്ലൊ. അതും നമ്മള് ആരും ചിന്തിക്കാത്ത ലളിതസുന്ദര ഭാവനകള്‍ ആയിരിക്കും അവരില്‍ നിന്നും ഉണ്ടാവുക. അത് പിന്നീട് ലോകം മുഴുവന്‍ അനുകരിച്ചു തുടങ്ങും.
അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഒരു "ചൈനീസ് വിപ്ലവം' വസ്ത്രധാരണവുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. ഒരു ചൈനീസ് റീട്ടെയില്‍ ശൃംഖല ഈയിടെ തങ്ങളുടെ സ്റ്റോര്‍ വിന്‍ഡോകളിലെ പരമ്പരാഗത മാനെക്വിനുകള്‍ക്ക് പകരം ട്രെഡ്മില്ലുകളില്‍ നടക്കുന്ന യഥാര്‍ഥ സ്ത്രീകളെ അവതരിപ്പിക്കുകയുണ്ടായി.
അതായത് കടകളിലെ ചില്ലുകൂട്ടില്‍ നില്ക്കുന്ന പാവകള്‍ക്ക് പകരം ജീവനുള്ള യുവതികള്‍ മോഡല്‍ വസ്ത്രങ്ങള്‍ അണിഞ്ഞ് നടക്കുന്നു. ട്രെഡ്മില്ലില് ആണവര് നില്‍ക്കുന്നത്. അതിനാല്‍ത്തന്നെ നടക്കേണ്ടി വരുന്നു. ഇതിനാല്‍ ആ വസ്ത്രം ധരിച്ചാല്‍ എങ്ങനെയായിരുക്കും നടക്കുമ്പോള്‍ എന്ന് കസ്റ്റമേഴ്സിന് മനസിലാക്കാന്‍ കഴിയുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
എന്നാല്‍ ഈ പ്രവൃത്തിയില്‍ സമ്മിശ്ര പ്രതികരണമാണ് നെറ്റിസണ്‍സ് നല്‍കിയത്. ചിലര്‍ മോഡലുകളെ ഈ രീതിയില്‍ ഉപയോഗിക്കുന്നതിന്റെ ധാര്മകതയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു, അതിനെ ചൂഷണപരവും അനാവശ്യവുമാണെന്ന് വിശേഷിപ്പിച്ചു. "മോഡലുകള്‍ക്കുള്ള ഒരു വര്‍ക്ക്ഔട്ട്, എന്നാല്‍ ഡിസൈനുകള്‍ പ്രവര്‍ത്തനത്തില്‍ കാണിക്കാനുള്ള ഒരു ആശയം' എന്നാണ് മറ്റൊരാള്‍ കുറിച്ചത്.