"നല്ല നിമിഷങ്ങള്‍'; ഒറ്റയ്ക്കായ മുത്തശ്ശിയെ അദ്ഭുതപ്പെടുത്തി കൊച്ചുമകന്
Tuesday, November 12, 2024 9:37 AM IST
കാലവും പ്രായവും ഒരേ ദിശയില്‍ ഒരുപാട് സഞ്ചരിക്കുമ്പോള്‍ പല ആളുകളിലും ഏകാന്തത പിടിച്ചുപറ്റും. മിക്കപ്പോഴും വയോധികരാണ് ഇത്തരം ഒറ്റപ്പെടല്‍ കൂടുതല്‍ അനുഭവിക്കുക. ലാളിച്ചുവളര്‍ത്തിയ മക്കള്‍ അവരുടേതായ ജീവിതത്തിന്റെ തിരക്കില്‍ സഞ്ചരിക്കുമ്പോള്‍ ഇവരെ അറിയാന്‍ സമയം കിട്ടാതെ വരും.
കൊച്ചുമക്കളാണ് ഇതിനിടയില്‍ അവരുടെ ആനന്ദമാവുക. അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ എത്തിയ ഒരു വീഡിയോ പറയുന്നത് ഒരു മുത്തശ്ശിക്ക് അവരുടെ കൊച്ചുമകന് നല്കിയ സർപ്രെെസ് ആണ്.
സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഹൃദയസ്പര്‍ശിയായ വീഡിയോയില്‍ വയോധിക ഒരു റെസ്റ്റോറന്റില്‍ ഒറ്റയ്ക്ക് ഇരിക്കുന്നു. അവര്‍ അല്പം ദുഃഖിതയാണ്. കാരണം തന്റെ ഭര്‍ത്താവിന്റെ ജന്മദിനം ആഘോഷിക്കാന്‍ ആയിരുന്നു അവര്‍ അവിടെ എത്തിയത്.
എന്നാല്‍ അവരുടെ ഭര്‍ത്താവ് മുമ്പേ മരിച്ചുപോയിരുന്നു. ആരെയും പ്രതീക്ഷിക്കാനില്ലാതെ അവര്‍ തന്റെ ആഹാരം ഓര്‍ഡര്‍ ചെയ്ത് ഇങ്ങനെ ഇരിക്കുമ്പോള്‍ അതാ വരുന്നു ഒരു സര്‍പ്രൈസ്. അവരുടെ ചെറുമകന് അവിടേക്ക് എത്തുന്നു.
അപ്രതീക്ഷിതമായി അവനെ കണ്ട മുത്തശ്ശി അതിശയിക്കുന്നു. പിന്നീട് ആനന്ദിക്കുന്നു. ഇരുവരും ആലിംഗനം ചെയ്യുന്നിടത്ത് ദൃശ്യങ്ങള്‍ അവസാനിക്കുന്നു. ഗുഡ് ന്യൂസ് മൂവ്മെന്റ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ദൃശ്യങ്ങള്‍ക്ക് നിരവധി അഭിപ്രായങ്ങള്‍ ലഭിച്ചു. "അവര്‍ ഒരിക്കലും മറക്കാത്ത ഒരു അദ്ഭുതം' എന്നാണൊരാള്‍ കുറിച്ചത്.