ഇറച്ചിക്കഷ്ണം തൊണ്ടയില്‍ കുടുങ്ങിപ്പിടഞ്ഞ് കുഞ്ഞ്; രക്ഷകനായി അയല്‍വാസി
Friday, November 1, 2024 3:32 PM IST
ഒരു ജീവന് രക്ഷിക്കുന്നതിലും വലിയ പുണ്യം മറ്റൊന്നുമില്ല എന്നാണല്ലൊ. അപ്പോള്‍ ഒരു കുഞ്ഞിന്റെ ജീവനാണ് രക്ഷിക്കുന്നതെങ്കിലൊ. തീര്‍ച്ചയായും അതിന്റെ തിളക്കം ഒന്നുവേറെ തന്നെയാണ്.
കുട്ടികള്‍ക്ക് പലപ്പോഴും സംഭവിക്കുന്ന ഒന്നാണ് വല്ലതും വായിൽ കുടുങ്ങി ശ്വാസം മുട്ടുന്നത്. പലപ്പോഴും ഭക്ഷണ പദാര്‍ഥങ്ങള്‍ ആണ് വില്ലന്മാരാകുന്നത്. തന് നിമിത്തം പല കുഞ്ഞുങ്ങള്‍ക്കും പ്രാണന് നഷ്ടമായിട്ടുണ്ട്.
ഇപ്പോഴിതാ സമാനമായൊരു സാഹചര്യത്തില്‍ ഒരു കുട്ടിക്ക് അയല്‍വാസി രക്ഷകനായി മാറിയ കാഴ്ച സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ഇന്‍സ്റ്റഗ്രാമിലെത്തിയ ദൃശ്യങ്ങള്‍ പറയുന്നത് അങ്ങ് അമേരിക്കയിലുള്ള സംഭവമാണ്.
ഇവിടെ ഇല്ലിനോയിസില്‍ സെബാസ്റ്റ്യന്‍ എന്നൊരു കുട്ടിക്കാണ് അപകടം പിണഞ്ഞത്. ഡി ലാംഗെ സിന്‍ഡ്രോം എന്ന അപൂര്‍വ ജനിതക അവസ്ഥയുള്ള ഈ കുട്ടി പൊതുവെ ഭക്ഷണം കഴിക്കുന്നത് ഫീഡിംഗ് ട്യൂബിന്റെ സഹായത്തോടെയാണ്. എന്നാല്‍ ഈ കുട്ടിക്ക് അമ്മ ഭക്ഷണം നല്കുന്നിനിടെ ചിക്കന്‍ കഷ്ണം തൊണ്ടയില്‍ കുടുങ്ങി.
കുട്ടി ശ്വസിക്കാന്‍ പാടുപെട്ടു. ഇത് കണ്ട് അമ്മ നിലവിളിച്ചു. ഈ സമയം അയല്പക്കത്തുള്ള ഒരാള്‍ സഹായത്തിനെത്തി. അയാള്‍ കുട്ടിയെ പിടിച്ച് മുതുകില്‍ അടിച്ചു. ഇത് ഭക്ഷണം പുറന്തള്ളാന്‍ സഹായിച്ചു. ഒടുവില്‍ കുട്ടിക്ക് ആശ്വാസം ലഭിച്ചു. ആ അമ്മ കണ്ണീര് വാര്‍ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.
താന്‍ കാര്‍ഡിയോപള്‍മണറി റെസസിറ്റേഷന്‍ (സിപിആര്‍) പരിശീലനം നേടിയിട്ടുണ്ടെന്നും തക്കസമയത്ത് അയല്‍വാസിയുടെ മകനെ സഹായിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും ആ മനുഷ്യന് പറഞ്ഞു. നെറ്റിസണ്‍സും അയാളെ അഭിനന്ദനംകൊണ്ട് മൂടി. "ഇത്തരം നല്ല അയല്ക്കാരന് ഒരു വരമാണ്' എന്നാണൊരാള്‍ കുറിച്ചത്.