ഐഐടി ബോംബെ വിദ്യാര്‍ഥികളുടെ നൃത്തം; സഭ്യമല്ലെന്ന് ചിലര്‍
Monday, October 21, 2024 2:49 PM IST
കോളജുകളില്‍ വിദ്യാര്‍ഥികള്‍ നൃത്തച്ചുവടുകള്‍ വയ്ക്കുന്നത് അത്ര പുതുമയുള്ള കാര്യമല്ലൊ. മുമ്പൊക്കെ അതിനുള്ള കാഴ്ചക്കാര്‍ പരിമിതമായിരുന്നു. മിക്കവാറും ആ ക്യാമ്പസിലെ വിദ്യാര്‍ഥികളും അധ്യാപകരുമായിരിക്കും കാഴ്ചക്കാര്‍.
എന്നാല്‍ മൊബൈല്‍ ഫോണുകളുടെയും സമൂഹ മാധ്യമങ്ങളുടെയും കാലത്ത് കാഴ്ചക്കാര്‍ ലോകമെമ്പാടുമുണ്ടാകും. അതിനാല്‍ത്തന്നെ അഭിപ്രായങ്ങളും അതിവേഗത്തില്‍ രൂപപ്പെടും. ഇപ്പോഴിതാ ഐഐടി ബോംബെയില്‍ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ നടത്തിയ നൃത്തത്തില്‍ സമ്മിശ്ര അഭിപ്രായങ്ങള്‍ ഉയരുന്നു.
ചിലര്‍ അതിനെ അശ്ലീലനൃത്തമെന്ന് വിശേഷിപ്പിക്കുമ്പോള്‍ ചിലര്‍ അതില്‍ അസഭ്യമായി ഒന്നും കാണുന്നില്ല എന്നഭിപ്രായപ്പെടുന്നു. ആളുകള്‍ക്കിടയില്‍ ചര്‍ച്ചയായ വീഡിയോയില്‍ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ മുന്നി ബദ്നാം ഗാനത്തിന് നൃത്തം ചെയ്യുന്നതായി കാണാം.
വീഡിയോയില്‍ ക്രോപ്പ് ടോപ്പും പാവാടയും ധരിച്ചാണ് യുവതി നൃത്തം ചെയ്യുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഹോസ്റ്റല്‍ അഞ്ചിലെ വിദ്യാര്‍ഥികളുടെ നേതൃത്വത്തിലായിരുന്നു നൃത്തം. പെണ്‍കുട്ടിയുടെ ചുവടുവയ്പ്പില്‍ സദസ് ഇളകിമറിഞ്ഞു.
ദൃശ്യങ്ങള്‍ ചിലര്‍ ആസ്വദിച്ചപ്പോള്‍ ചിലരുടെ നെറ്റിചുളിഞ്ഞു. "ഐഐടി ബോംബെയില്‍ അശ്ലീല നൃത്തം എന്ന് പേരുള്ള ഒരു നൃത്തശൈലി ഉണ്ടെന്ന് എനിക്കറിയില്ലായിരുന്നു!' എന്നാണൊരാള്‍ വിമര്‍ശിച്ചത്. "നൃത്തത്തില്‍ അശ്ലീലമൊന്നുമില്ല; നിങ്ങള്‍ ഇത് അനുവദിക്കില്ലേ?' എന്നാണ് മറ്റൊരാള്‍ വിമര്‍ശനത്തിന് മറുപടിയായി പറഞ്ഞത്.