സിംഹത്തിന്റെ വാ തുറപ്പിക്കുന്ന പാക്കിസ്ഥാനി; കലിപ്പിലായി നെറ്റിസണ്‍സ്
Monday, October 21, 2024 12:01 PM IST
കാട്ടിലെ രാജാവെന്ന് വിശേഷിപ്പിച്ചില്ലേലും വേണ്ടീല സിംഹങ്ങള്‍ക്ക് അവരുടെ ആവാസവ്യവസ്ഥ നല്കിയാല് മതി. നമ്മുടെ നാട്ടില്‍ അവയെ വളര്‍ത്താന്‍ അനുവാദമില്ല. അതിനാല്‍ത്തന്നെ ഇവിടെ സിംഹങ്ങള്‍ വന്യമൃഗങ്ങളായി വിലസുന്നു. നാച്ചുറല്‍ പാര്‍ക്കുകള്‍ പോലും അവയ്ക്ക് അനുയോജ്യമായ അന്തരീക്ഷത്തിലാണുള്ളത്.
എന്നാല്‍ പാക്കിസ്ഥാനിലും മറ്റ് ചില രാജ്യങ്ങളിലും വന്യമൃഗങ്ങളെ വീട്ടില്‍ വളര്‍ത്താന്‍ കഴിയും. തത്ഫലമായി പലദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ എത്തും. എന്നാല്‍ സ്വന്തം ഹീറോയിസം കാണിക്കാന്‍ പലരും പോസ്റ്റുചെയ്യുന്ന ഇത്തരം കാഴ്ചകള്‍ക്ക് വിമര്‍ശനങ്ങളാണ് ലഭിക്കാറുള്ളത്.
അത്തരത്തില്‍ നെറ്റിസണ്‍സിന്റെ രോഷം ഏറ്റുവാങ്ങിയ മറ്റൊരു വീഡിയോ ആണിത്. ഇന്‍സ്റ്റഗ്രാമില്‍ എത്തിയ ദൃശ്യങ്ങളില്‍ ഒരു വീട്ടിനുള്ളിലായുള്ള സിംഹത്തെ കാണാം. അതിനൊപ്പം കൂളിംഗ് ഗ്ലാസുമായി നടക്കുന്ന ഒരാളെ കാണാം.
ഡിജിറ്റല്‍ സ്രഷ്ടാവായ മിയാന്‍ സാഖിബ് ആണിയാള്‍. വീഡിയോയ്ക്ക് പോസ് ചെയ്യുന്ന ഇയാള്‍ സിംഹത്തിന്റെ താടിയെല്ലുകള്‍ രണ്ട് കൈകൊണ്ടും വലിച്ചുതുറക്കുന്നു. എന്നാല്‍ ദൃശ്യങ്ങളില്‍ നിരവധി വിമര്‍ശനങ്ങള്‍ ഇയാള്‍ക്കുനേരെ ഉണ്ടായി.
"ഇത് രസകരമായി തോന്നുന്നു, പക്ഷേ വളരെ അപകടകരമാണ്' എന്നാണൊരാള്‍ കുറിച്ചത്. "നിങ്ങള്‍ ഒരു സിംഹത്തെ മെരുക്കിയാലും, ഇത്തരമൊരു തമാശ കാട്ടുന്നത് ആ മൃഗത്തിന്റെ അന്തസിനോടുള്ള അനാദരവാണ്' എന്നാണ് മറ്റൊരാള്‍ കുറിച്ചത്.