അര്‍ണവിന് പിറന്നാള്‍ സമ്മാനം; ഹൃദയസ്പര്‍ശിയായ പ്രതികരണം
Monday, October 21, 2024 10:19 AM IST
എത്രയെത്ര കാര്യങ്ങള്‍ ബാല്യത്തില്‍ നമ്മള് കൊതിച്ചിരിക്കും. ചെറിയ സൈക്കിള്‍ മുതല്‍ കാല്പന്തുവരെ ആ ലിസ്റ്റിലുണ്ടാകും. അവ ലഭിക്കുന്നത് കിനാവു കാണും. തങ്ങളുടെ സ്വപ്നം മറ്റൊരാള്‍ സ്വന്തമാക്കിയത് കാണുമ്പോള്‍ ദുഃഖം കലര്‍ന്ന ഒരു ചിരിയും ഉണ്ടാകും.
പല ആണ്‍കുട്ടികളുടെയും സ്വപ്നങ്ങളില്‍ ഒന്നാണ് ക്രിക്കറ്റ് കിറ്റൊ അല്ലെങ്കില്‍ ബൂട്ടൊ. ക്രിക്കറ്റ് ഇഷ്ടപ്പെടുന്നവര്‍ ആ കിറ്റ് ഒന്ന് സ്വന്തമായി ഉണ്ടായെങ്കില്‍ എന്ന് കൊതിക്കും. കാരണം പാഡും ഹെല്‍മെറ്റും ഗ്ലൗസുമൊക്കെ ധരിച്ച് സ്വന്തം ബാറ്റുമായി മൈതാനത്തിറങ്ങുന്നത് ഒരു ത്രില്ലാണല്ലൊ.
ഇപ്പോഴിതാ ഒരു ആണ്‍കുട്ടിക്ക് അവന്റെ കുടുംബം ഒരു ക്രിക്കറ്റ് കിറ്റ് പിറന്നാള്‍ സമ്മാനമായി കൊടുക്കുന്ന കാഴ്ച സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. അര്‍ണവ് എന്ന കൗമാരക്കാനാണ് അദ്ദേഹത്തിന്റെ വേണ്ടപ്പെട്ടവര്‍ സർപ്രെെസായി ഈ സമ്മാനം നല്‍കുന്നത്.
ദൃശ്യങ്ങളില്‍ കതക് തുറന്നുവരുന്ന അര്‍ണവിനെ കാണാം. അവന്റെ കൈയില്‍ ഒരു ബാറ്റുണ്ട്. അപ്പോള്‍ അവിടുള്ള സഹോദരിയേയും കാണാം. ക്രിക്കറ്റ് കിറ്റ് ഒരു തുണി ഷീറ്റില്‍ ശ്രദ്ധാപൂര്‍വം പൊതിഞ്ഞിരിക്കുന്നതായി വീഡിയോയില്‍ കാണാം. അത് തനിക്കുള്ള സമ്മാനമാണെന്ന് തിരിച്ചറിഞ്ഞ അര്‍ണവ് ആകെ സന്തോഷവാനാകുന്നു.
തുള്ളിച്ചാടുന്ന അവന് സഹോദരിയെ കെട്ടിപ്പിടിക്കുന്നു. ആ സമയം അര്‍ണവിന്റെ പിതാവും കയറി വരുന്നു. മിഴിനീരുകളോടെ അവന് പിതാവിനെയും ആലിംഗനം ചെയ്യുന്നു.
ഹൃദയസ്പര്‍ശിയായ ദൃശ്യങ്ങള്‍ക്ക് നിരവധി അഭിപ്രായങ്ങള്‍ ലഭിച്ചു. "ആ കുട്ടി കിറ്റില്‍ തൊടുക പോലും ചെയ്യാതെ നേരെ ആലിംഗനം ചെയ്യാന്‍ പോയി, അവന് എത്ര നന്ദിയുള്ളവനാണെന്ന് കാണിക്കുന്നു' എന്നാണൊരാള്‍ കുറിച്ചത്. "അദ്ദേഹം പിതാവിനെ കെട്ടിപ്പിടിച്ചപ്പോള്‍ ഞാന്‍ കരഞ്ഞു' എന്നാണ് മറ്റൊരാള്‍ കുറിച്ചത്.