"ഒടുവില്‍ ഞങ്ങളത് നേടി': ലോണുകൂടാതെ വീട് സ്വന്തമാക്കിയ വഴി
Friday, October 18, 2024 3:03 PM IST
സ്വന്തമായി ഒരു വീട് എന്നത് പലരുടെയും വലിയ സ്വപ്നമാണല്ലൊ. എന്നാല്‍ സാമ്പത്തിക പരാധീനത നിമിത്തം പലര്‍ക്കും ഈ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ചിലര്‍ ലോണ്‍ വഴി വീട് സ്വന്തമാക്കും പിന്നെ ചക്രശ്വാസം വലിക്കും.
എന്നാല്‍ മാറുന്ന കാലത്ത് പലവഴികളും വിജയത്തിനായി ഉണ്ട്. ഇപ്പോഴിതാ ഒരു ലോണുമില്ലാതെ രേഷ്മ എന്ന സ്ത്രീക്ക് സ്വന്തമായി വീട് ഉണ്ടായ കഥ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ഇക്കാര്യം അനീഷ് ഭഗത് എന്ന സോഷ്യല്‍മീഡിയ ഇന്‍ഫ്ലുവന്‍സറാണ് തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.
ഏകദേശം ഒരുവര്‍ഷം മുമ്പാണ് അനീഷ് രേഷ്മയെ പരിചയപ്പെടുന്നത്. സ്വന്തം കാലില്‍ നില്ക്കാന് ആഗ്രഹിക്കുന്ന അവരെ പിന്തുണയ്ക്കണമെന്ന് അവന് തോന്നി. പിന്നീട് ഇരുവരും കൂടി വിവിധ കണ്ടെന്റുകള് സമൂഹ മാധ്യമങ്ങളില്‍ ചെയ്തു. തന് നിമിത്തം നിശിതമായ വിമര്‍ശനങ്ങള്‍ അനീഷ് ഏറ്റുവാങ്ങിയിരുന്നു.
എന്നാല്‍ ഏറ്റവും ഒടുവില്‍ ഇത്തരം വീഡിയോകള്‍ നിമിത്തം സമ്പാദിച്ച പണത്തില്‍ നിന്നും രേഷ്മ ഒരു വീട് സ്വന്തമാക്കിയിരിക്കുന്നു. ദൃശ്യങ്ങളില്‍ അവര്‍ ഗൃഹപ്രവേശം നടത്തുന്നതും കണ്ണീരണിയുന്നതും കാണാം. വായ്പയൊന്നും കൂടാതെയാണ് രേഷ്മ വീട് വാങ്ങിയതെന്നും അത് അവളുടെ സ്വപ്നങ്ങളിലൊന്നാണെന്നും അനീഷ് വീഡിയോയില്‍ പരാമര്‍ശിച്ചു.
ഈ ക്ലിപ്പ് അഞ്ച് ദശലക്ഷത്തിലധികം കാഴ്ചകളും ലക്ഷക്കണക്കിന് ലൈക്കുകളും ശേഖരിച്ചു. സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ അനീഷ് ഭഗത്തിന്റെ പ്രവൃത്തിയെ അഭിനന്ദിച്ചു. "ഓരോ രേഷ്മയ്ക്കും ഒരു അനീഷ് ഉണ്ടായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു' എന്നാണൊരാള്‍ കുറിച്ചത്. "ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ അനീഷ് 'എന്നാണ് മറ്റൊരാള്‍ കുറിച്ചത്.