കടിച്ച പാന്പിനെ കഴുത്തിൽ ചുറ്റി ആശുപത്രിയിൽ; ജീവനക്കാർ ഞെട്ടി
Friday, October 18, 2024 1:55 PM IST
പാമ്പുകടിയേറ്റ മധ്യവയസ്കൻ കടിച്ച വിഷപ്പാന്പിനെ കഴുത്തിൽ ചുറ്റി ആശുപത്രിയിലെത്തി. ബിഹാറിലെ ഭഗൽപുരിലാണ് അന്പരപ്പുളവാക്കിയ സംഭവം. പ്രകാശ് മണ്ഡൽ എന്നയാളാണു പാന്പുമായി ചികിത്സ തേടി ആശുപത്രിയിലെത്തിയത്.
ആശുപത്രിയിലെത്തിയിട്ടും പാമ്പിനെ താഴെയിടാൻ ഇയാൾ വിസമ്മതിച്ചു. ഒരുവേള പാമ്പുമായി ഇയാൾ തറയിൽ കിടക്കുകവരെ ചെയ്തു. ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ ഇതു കണ്ട് പകച്ചുനിന്നു.
ഏറെനേരത്തെ അനുനയശ്രമങ്ങൾക്കൊടുവിലാണു പാമ്പിനെ കൈവിടാൻ പ്രകാശ് മണ്ഡൽ തയാറായത്. ഉടൻതന്നെ ഇയാൾക്കു ചികിത്സയും നൽകി. വിഷപ്പാന്പിനെ കഴുത്തിൽ ചുറ്റി ആശുപത്രിൽ ചികിത്സയ്ക്ക് എത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായി.