നടന്നുപോകും വഴി വാട്ടര്‍ടാങ്ക് തലയില്‍ വീണാല്‍...; വീഡിയോ
Tuesday, October 15, 2024 11:02 AM IST
ഓരോ ദിനവും എന്തൊക്കെ ആപത്തുകളാണ് നമുക്കിടയില്‍ ഉണ്ടാകുന്നത്. ചിലത് അവിശ്വസനീയവും അപ്രതീക്ഷിതവും ആയിരിക്കും. ഒരൊറ്റ നിമിഷം മതി ജീവിതം തകിടം മറിയാന്‍. എത്ര ശ്രദ്ധിച്ചാലും തലയ്ക്ക് മുകളില്‍ കണ്ണില്ലാത്തതിനാല്‍ ഉയരത്തില്‍ നിന്നും ആപത്തെത്താം.
അത്തരമൊരു ഞെട്ടിക്കുന്ന സംഭവമാണിത്. എക്സിലെത്തിയ ദൃശ്യങ്ങളില്‍ ഒരു സ്ത്രീ റോഡിലൂടെ നടന്നുപോകുന്നതായി കാണാം. ഇരുവശത്തുനിന്നും വാഹനങ്ങള്‍ ഒന്നും ഇല്ല എന്ന് ഉറപ്പിച്ചാണ് അവരുടെ നടപ്പ്.
എന്നാല്‍ അപ്രതീക്ഷിതമായ ആപത്തൊന്ന് സംഭവിക്കുകയാണ്. മുകളില്‍ നിന്നും പ്ലാസ്റ്റിക് വാട്ടര്‍ ടാങ്ക് അവരുടെ ദേഹത്തേക്ക് വീഴുന്നു. ഒരൊറ്റ നിമിഷത്തില്‍ അതവരെ മൂടുന്നു. ആ സ്ത്രീ മരിച്ചിരിക്കാം എന്നാണ് ആ നിമിഷത്തില്‍ കാഴ്ചക്കാര്‍ വിചാരിക്കുക.
പക്ഷെ ഭാഗ്യം അവര്‍ക്കൊപ്പമുണ്ടായിരുന്നു. ടാങ്കില്‍ വെള്ളമില്ലായിരുന്നു. ചെരിഞ്ഞ് തലയിലേക്ക് വീണ്ണ ടാങ്ക് തുളഞ്ഞുപോയിരുന്നു. ചുരുക്കത്തില്‍ അവര്‍ ടാങ്കിനുള്ളിലായി മാറി. ഒരാള്‍ ഓടിവരുന്നതും ആരെയോ ശകാരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
വ്യാപകമായി പ്രചരിച്ച ദൃശ്യങ്ങളില്‍ നിരവധി അഭിപ്രായങ്ങള്‍ ലഭിച്ചു. "ഭാഗ്യം ഒന്നുകൊണ്ടുമാത്രം' എന്നാണൊരാള്‍ കുറിച്ചത്. "ഇത്തരം അശ്രദ്ധാലുക്കള്‍ പലരുടെയും ജീവന് കൊയ്യുന്നു' എന്നാണ് മറ്റൊരാള്‍ വിമര്‍ശിച്ചത്.