കോല്‍ക്കത്തയിലെ മഴത്തുള്ളി പ്രമേയമുള്ള പന്തല്‍; ഹൃദയത്തില്‍ തുടികൊട്ടുമ്പോള്‍
Thursday, October 10, 2024 3:25 PM IST
കലയുടെയും സാഹത്യത്തിന്റെയും അലയൊലികള്‍ നിറഞ്ഞ നഗരമാണല്ലൊ പശ്ചിമ ബംഗാളിലെ കോല്‍ക്കത്ത. പുരാതന കാലം മുതലെ കലാപരമായ തനിമ നമുക്കീ നഗരത്തില്‍ കാണാന്‍ കഴിയും. അത് ഏത് ആഘോഷങ്ങളിലും ഇണക്കിച്ചേര്‍ക്കാനും അവര്‍ക്കാകുന്നു.
ഇപ്പോള്‍ ദുര്‍ഗാപൂജ ആഘോഷങ്ങളിലാണ് നഗരം. പലതരം പന്തലൊരുക്കി അന്നാട്ടുകാര്‍ വിസ്മയം തീര്‍ക്കുകയാണ്. ഇപ്പോഴിതാ അക്കൂട്ടത്തിലെ ഒന്ന് സമൂഹ മാധ്യമങ്ങളില്‍ കൗതുകമാകുന്നു.
സാള്‍ട്ട് ലേക്ക് എകെ ബ്ലോക്കിലെ ഒരു അതുല്യമായ പന്തല്‍ ആണിത്. മഴവെള്ള സംരക്ഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് രൂപകല്പന ചെയ്ത ഈ നൂതന പന്തല്‍ 75 ലക്ഷം രൂപ ചെലവിലാണ് നിര്‍മിച്ചത്.
ഓണ്‍ലൈനില്‍ പ്രചരിക്കുന്ന വീഡിയോയില്‍ മേല്‍ക്കൂരയില്‍ നിന്ന് വീഴുന്ന വെള്ളത്തുള്ളികള്‍ ശേഖരിക്കുന്നതിനായി ഒരു കുഴിയില്‍ സ്ഥാപിച്ചിരിക്കുന്ന ലോഹ, പ്ലാസ്റ്റിക് പാത്രങ്ങള്‍ കാണാം. ഇവയില്‍ ജലകണങ്ങള്‍ പെയ്തിറങ്ങുമ്പോള്‍ നാദം കലയായി രൂപപ്പെടുന്നു. ഈ ശബ്ദം പരമ്പരാഗത ധാക്കിന്റെ സ്പന്ദനങ്ങളെ അനുകരിക്കുന്നു. "കൊള്ളാം... സര്‍ഗാത്മകത അതിന്റെ ഏറ്റവും മികവിൽ... ആശയം സൃഷ്ടിച്ചയാള്‍ക്ക് അഭിനന്ദനങ്ങള്‍' എന്നാണൊരാള്‍ കുറിച്ചത്.
മഴത്തുള്ളികള്‍ പ്രമേയമാക്കിയ പന്തലിന് പുറമേ, കോല്‍ക്കത്തയിലെ ജഗത് മുഖര്‍ജി പാര്‍ക്കില്‍ ഗംഗാ നദിയുടെ മലിനീകരണത്തെ അഭിസംബോധന ചെയ്യുന്ന ഒരു ഗ്രീന്‍ ലൈന്‍ അണ്ടര്‍വാട്ടര്‍ മെട്രോ പ്രമേയമുള്ള പന്തല്‍ അവർ ഒരുക്കിയിരിക്കുന്നു. ഇത് പരിസ്ഥിതിയോടുള്ള സമീപനം ഊന്നിപ്പറയുന്നതായി നെറ്റിസണ്‍സ് അഭിപ്രായപ്പെടുന്നു.