മെട്രോ തീം ദുര്‍ഗാ പൂജ പന്തല്‍; അദ്ഭുതകരമെന്ന് നെറ്റിസണ്‍സ്
Tuesday, October 8, 2024 3:29 PM IST
രാക്ഷസനായ മഹിഷാസുരനെതിരേ ദുര്‍ഗാദേവി നേടിയ വിജയം ആഘോഷിക്കുന്ന ഉത്സവങ്ങളിലൊന്നാണല്ലൊ ദുര്‍ഗാപൂജ. പശ്ചിമ ബംഗാള്‍ ഏറ്റവും വര്‍ണാഭമായാണ് ഇത് കൊണ്ടാടാറുള്ളത്. വലിയ പന്തലുകളും ഭക്ഷണ സ്റ്റാളുകളും ഒക്കെ അവര്‍ ഈ സമയങ്ങളില്‍ ഒരുക്കും.
കാലം എഐയുടേതാണല്ലൊ. ഇപ്പോഴിതാ സ്വല്പം ക്രിയേറ്റീവായ ഒരു പന്തല്‍ അങ്ങ് കോല്‍ക്കത്തയില്‍ ദുര്‍ഗാപൂജയുമായി ബന്ധപ്പെട്ട് ഒരുങ്ങിയിരിക്കുന്നു. എക്സിലെത്തിയ ദൃശ്യങ്ങളില്‍ മെട്രോ തീമിലുള്ള പൂജ പന്തലാണ് കാണാന്‍ കഴിയുക. 'എന്നെ വിശ്വസിക്കൂ, ഇത് കൊല്‍ക്കത്തയിലെ ഒരു പൂജാ പന്തലാണ്' എന്ന അടിക്കുറിപ്പോടെ അബിര്‍ ഘോഷാല്‍ എന്ന ഉപയോക്താവ് പങ്കിട്ട വീഡിയോ അതിശയം ജനിപ്പിക്കുന്നതാണ്.
കാരണം ഇദ്ദേഹം മെട്രോ തീവണ്ടിക്കുള്ളിലൂടെ നടന്ന് റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങുന്നു എന്നാണ് നമുക്ക് തോന്നുക. എന്തിനധികം എസ്കലേറ്ററുകളും എക്സിറ്റ് അടയാളങ്ങളും നമുക്ക് കാണാന്‍ കഴയും. എന്നാലത് സെറ്റിട്ടതാണ്. ദൃശ്യങ്ങളുടെ അവസാനം പൂജ നടക്കുന്ന ഇടം കാണാന്‍ കഴിയും.
ജഗത് മുഖര്‍ജി പാര്‍ക്കിലാണ് ഈ ക്രിയേറ്റീവ് പന്തല്‍ ഒരുക്കിയിരിക്കുന്നത്. ഗ്രീന്‍ ലൈന്‍ മെട്രോ കോച്ചിനുള്ളില്‍ സന്ദര്‍ശകര്‍ക്ക് ആധികാരികമായ അനുഭവം നല്‍കുന്നതിനാണ് പന്തല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് പന്തലിന്റെ മുഖ്യ സംഘാടകരിലൊരാളായ ദ്വൈപയന് റോയ് പറഞ്ഞു.
വൈറലായി മാറിയ ദൃശ്യങ്ങള്‍ക്ക് നിരവധി കമന്റുകള്‍ ലഭിച്ചു. "കൊള്ളാം!വളരെ അദ്ഭുതകരമാണ്' എന്നാണൊരാള്‍ കുറിച്ചത്.