കടുവയുടെ പുറത്ത് സവാരി ചെയ്യുന്ന പാക്കിസ്ഥാനി; ക്രൂരതയെന്ന് നെറ്റിസണ്‍സ്
Monday, October 7, 2024 11:14 AM IST
നമ്മുടെ നാട്ടില്‍ വന്യമൃഗങ്ങളെ വീട്ടില്‍ വളര്‍ത്താന്‍ കഴിയില്ലല്ലൊ. അവയുടെ ആവാസം കാട്ടില്‍ ആകണമെന്ന കാര്യം പല നാടുകളും ഗൗരവമായ കാണുന്നുണ്ട്. എന്നാല്‍ ചില രാജ്യക്കാര്‍ക്ക് ഭൂമിയുടെ അവകാശികള്‍ മനുഷ്യര്‍ മാത്രമല്ലെന്ന ചിന്തയില്ല.
തത്ഫലമായി പലരും വന്യമൃഗങ്ങളെ വളര്‍ത്തുമൃഗങ്ങളായി കാണുന്നു. സമൂഹ മാധ്യമങ്ങളുടെ വരവോടെ ഇത്തരം ദൃശ്യങ്ങളും നമുക്ക് മുന്നിലെത്തുന്നു.ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമിലെത്തിയ ഒരു വീഡിയോ പറയുന്നത് ഇത്തരത്തില്‍ വീട്ടില്‍ വളരുന്ന ഒരു കടുവയുടെ അവസ്ഥയാണ്.
പാക്കിസ്ഥാനില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. ദൃശ്യങ്ങളില്‍ ഒരു യുവാവിനെയും കടുവയേയും കാണാം. ഇയാള്‍ കടുവയ്ക്കൊപ്പം നടന്നശേഷം അതിന്റെ മുകളില്‍ കയറി ഇരിക്കുന്നു. കടുവ ഇയാളെയും വഹിച്ച് നടക്കുന്നു.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ രോഷം ആളിക്കത്തിച്ചു. വന്യജീവികളെ ചൂഷണത്തില്‍ നിന്ന് സംരക്ഷിക്കുന്നതിന് കര്‍ശനമായ നിയമങ്ങളുടെയും നടപ്പാക്കലിന്റെയും ആവശ്യകത പല ഉപയോക്താക്കളും ഊന്നിപ്പറഞ്ഞു. "നഗ്നമായ മൃഗ ക്രൂരതയാണിത്' എന്നാണൊരാള്‍ കുറിച്ചത്. "പൂര്‍വ്വികരുടെ അധ്വാനം നിമിത്തം പണക്കാരനായ ഒരു വിഡ്ഢിയാണ് ഇയാള്‍' എന്നാണ് മറ്റൊരാള്‍ കുറിച്ചത്.