ട്രാഫിക്കില്‍ കുടുങ്ങിയാല്‍ ഇങ്ങനെയും സമയം കളയാം; വീഡിയോ
Tuesday, October 1, 2024 2:45 PM IST
വലിയ നഗരങ്ങളില്‍ ഗതാഗത കുരുക്ക് സ്വഭാവികമായ കാര്യമാണല്ലൊ. പുതിയതായി ഈ നാടുകളില്‍ എത്തുന്നവര്‍ക്ക് ഇത് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. എന്നാല്‍ ഇത് ശീലിച്ചവര്‍ക്ക് അതത്ര പ്രശ്നമല്ല.
നമ്മുടെ രാജ്യത്ത് ഏറ്റവും ട്രാഫിക് പ്രശ്നമുള്ള ഒരു നഗരം ഏതെന്ന് ചോദിച്ചാല്‍ അത് ബംഗളൂരു ആകാനെ തരമുള്ളു. മണിക്കൂറുകളാണ് അവിടെ പലരും കുടുങ്ങിക്കിടക്കുക. എന്നാല്‍ ഇത്തരം വിരസ നേരങ്ങള്‍ രസകരമാക്കാം എന്ന് കാട്ടുകയാണ് ഒരു യുവതി.
ഇന്‍സ്റ്റഗ്രാമിലെത്തിയ ഒരു വീഡിയോയില്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങിയ യുവതി ഒരു ഓട്ടോറിക്ഷയില്‍ ഇരിക്കുകയാണ്. ഈ സമയം നിരത്തിന്റെ ഒരുവശത്തായി ഒരു കടയ്ക്ക് മുന്നിലായി കുറച്ചാളുകള്‍ കൂടി നൃത്തം ചെയ്യുകയാണ്. കൊട്ടുകളുടെ അകമ്പടിയോടെയാണ് നൃത്തം.
ഇത് ശ്രദ്ധിച്ച യുവതി ഉടനടി ഓട്ടോയില്‍ നിന്നിറങ്ങുകയും അവര്‍ക്കൊപ്പം നൃത്തം ചെയ്യുകയുമുണ്ടായി. അപ്രതീക്ഷിതമായി ഒരു യുവതി തങ്ങള്‍ക്കൊപ്പം ചേർന്നതിന്റെ ആവേശത്തില്‍ അവിടെ നിന്ന യുവാക്കള്‍ ആടിത്തിമിര്‍ക്കുന്നു.
ഓട്ടോ മുന്നോട്ട് ചലിക്കുമ്പോള്‍ യുവതി ഓടിവന്ന് തിരികെ വാഹനത്തില്‍ കയറുന്നു. വൈറലായി മാറിയ ദൃശ്യങ്ങള്‍ക്ക് നിരവധി അഭിപ്രായങ്ങള്‍ ലഭിച്ചു. "നമ്മ ബംഗളൂരുവില്‍ ഇന്ന് ഞാന്‍ കണ്ട ഏറ്റവും മികച്ച റീല്‍!ട എന്നാണൊരാള്‍ കുറിച്ചത്.