ഓടുന്ന ബൈക്കില്‍ പുഷ്അപ്പ് ചെയ്യുന്ന യുവാവ്; നടപടിയെടുക്കണമെന്ന് നെറ്റിസണ്‍സ്
Monday, September 30, 2024 10:18 AM IST
സമൂഹ മാധ്യമങ്ങളുടെ വരവോടെ നിരവധിപേര്‍ റീല്‍സും മറ്റുമായി നെറ്റിസണ്‍സിന് മുന്നില്‍ എത്താറുണ്ടല്ലൊ. അവയില്‍ പലതും വൈറലായി മാറാറുണ്ട്. എന്നാല്‍ ചിലര്‍ ആളുകളുടെ ശ്രദ്ധ നേടാന്‍ സാഹസികത കാട്ടാറുണ്ട്.
പലരും അത്തരത്തില്‍ അപകടത്തില്‍പ്പെടാറുണ്ട്. ഇപ്പോഴിതാ നിരത്തില്‍ സാഹസികത കാട്ടുന്ന ഒരു യുവാവ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു.
ഇന്‍സ്റ്റഗ്രാമില്‍ എത്തിയ ദൃശ്യങ്ങളില്‍ നീരജ് യാദവ് എന്നയാളാണുള്ളത്. ദൃശ്യങ്ങളില്‍ ഇയാള്‍ ബൈക്കിന് മുകളിലായി പുഷ്-അപ്പുകള്‍ ചെയ്യുന്നു. നിരത്തിലൂടെ ബൈക്ക് ഓടിക്കൊണ്ടിരിക്കുമ്പോഴാണ് ഇയാള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്.
ചെറിയ ശ്രദ്ധക്കുറവ് പോലും വലിയ അപകടങ്ങള്‍ക്ക് കാരണമായേക്കാം. എന്നിരുന്നിട്ടും ഇയാള്‍ തന്റെ പ്രവൃത്തി തുടരുന്നു. ദൃശ്യങ്ങളില്‍ നിരവധിപേര്‍ വിമര്‍ശനവുമായി രംഗത്തെത്തി. "അത്തരക്കാര്‍ക്കെതിരേ നടപടിയെടുക്കണം, ഈ സ്റ്റണ്ടുകള്‍ പലപ്പോഴും റോഡിലൂടെ നടക്കുന്ന ആളുകള്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നു' എന്നാണൊരാള്‍ കുറിച്ചത്.
"അവന് ഒരുപക്ഷേ വീട്ടില്‍ പുഷ്-അപ്പുകള്‍ ചെയ്യാന്‍ സമയം ലഭിക്കില്ല. അവനെതിരേ പരാതി നല്കിയാല്, ജയിലില്‍ ശരിയായ പുഷ്-അപ്പുകള്‍ ചെയ്യാന്‍ കഴിയും...' എന്നാണ് മറ്റൊരാള്‍ കുറിച്ചത്.