രാജവെമ്പാലയില്‍ നിന്നും കുട്ടികളെ രക്ഷിച്ച ജെന്നി; താരമായി
Wednesday, September 25, 2024 10:27 AM IST
കൊടും വിഷമുള്ള പാമ്പാണല്ലൊ രാജവെമ്പാല. അതൊന്ന് ദംശിച്ചാല്‍ ആളിന്റെ കാര്യം പിന്നെ പറയേണ്ടതില്ല. അതിനാല്‍ത്തന്നെ ഇത്തരം വിഷമുള്ള പാമ്പുകളെ മനുഷ്യര്‍ വളരെ സൂക്ഷിക്കാറുണ്ട്.എന്നിരുന്നാലും പലരും അപകടത്തില്പ്പെടാറുണ്ടുതാനും.
ഇപ്പോഴിതാ വീട്ടിലുള്ള കുട്ടികളെ രാജവെമ്പാലയില്‍ നിന്നും രക്ഷിച്ച ഒരു നായ സോഷ്യല്‍ മീഡിയയില്‍ താരമാകുന്നു. അങ്ങ് ഉത്തര്‍പ്രദേശിലാണ് സംഭവം.
ഝാന്‍സിയിലുള്ള പഞ്ചാബ് സിംഗിന്റെ വളര്‍ത്തു നായയാണ് ജെന്നി. പിറ്റ് ബുള്‍ ഇനത്തിലുള്ള ഇത് വീട്ടുകാരുമായി വലിയ അടുപ്പത്തിലാണ്. ഒരു ദിവസം സിംഗ് വീട്ടില്‍ ഇല്ലാഞ്ഞ സമയം; കുട്ടികള്‍ പൂന്തോട്ടത്തില്‍ കളിക്കുകയായിരുന്നു. അന്നേരം ഒരു പാമ്പ് പൂന്തോട്ടത്തില്‍ കടക്കുകയുണ്ടായി.
കുട്ടികള്‍ ഭയചകിതരായി ഓടിമാറി. രാജവെമ്പാലയായിരുന്നു പാമ്പ്. ഈ സമയം ജെന്നിയെ കെട്ടിയിട്ടിരിക്കുകയായിരുന്നത്രെ. എന്നാല്‍ കുട്ടികള്‍ക്ക് അപകടം എന്ന് മനസിലാക്കിയ ഈ നായ കെട്ടുപൊട്ടിച്ച് ഓടിയെത്തി. തുടര്‍ന്ന് പാമ്പിനെ ആക്രമിച്ചു കൊന്നു.
നായ പാമ്പിനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പഞ്ചാബ് സിംഗ് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയുണ്ടായി. ജെന്നി ആദ്യമായിട്ടല്ല പാമ്പുകളെ ആക്രമിച്ച് തങ്ങളെ രക്ഷിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. എട്ടോ ഒമ്പതൊ പാമ്പുകളെ ഇതിനു മുന്‍പും ജെന്നി കൊന്നിട്ടുണ്ടത്രെ. എന്തായാലും ജെന്നിയുടെ സമയോചചിത ഇടപെടലില്‍ നെറ്റിസണ്‍സും ഹാപ്പിയാണ്.