"സ്വന്തം കുഴി തോണ്ടുമ്പോള്‍'; കുട്ടിയുമായി കിണറ്റിന് വക്കില്‍ ഒരു സ്ത്രീ നടത്തുന്ന അഭ്യാസം
Tuesday, September 24, 2024 2:43 PM IST
സെല്‍ഫികള്‍ എടുക്കുന്നതും റീലുകള്‍ സൃഷ്ടിക്കുന്നതും വ്ലോഗുകള്‍ ഉണ്ടാക്കുന്നതും ഇക്കാലത്ത് പതിവാണല്ലൊ. ആദ്യമൊക്കെ പലരും കൗതുകത്തിനായി ഇത്തരം കാര്യങ്ങള്‍ ചെയ്തു. ഇപ്പോഴത് പണത്തിനും പ്രശസ്തിക്കുമാണ് പലരും ചെയ്യുന്നത്.
തന്നിമിത്തം പലര്‍ക്കും ജീവന് നഷ്ടപ്പെട്ട സാഹചര്യങ്ങള്‍ നാം കാണാറുണ്ടല്ലൊ. എന്നാല്‍ ചിലര്‍ റീല്‍സിനായി മറ്റുള്ളവരെ കൂടി അപകടത്തിലാക്കുന്നു. അടുത്തിടെ എക്സിലെത്തിയ ദൃശ്യങ്ങളില്‍ ഒരു സ്ത്രീ കുട്ടിയുമായി കാട്ടിയ സാഹസികത അത്തരത്തിലേതാണ്.
ദൃശ്യങ്ങളില്‍ ഇവര്‍ ഒരു ചെറിയ കുട്ടിയുമായി കിണറ്റിന്റെ വക്കില്‍ ഇരിക്കുന്നു. ശേഷം ഒരു ഗാനത്തിനനുസരിച്ച് അഭിനയിക്കുന്നു. ഈ സമയമത്രയും കുട്ടിയുടെ ശരീരം കിണറ്റിലാണ്. ഒന്നു കൈവിട്ടാല്‍ കുട്ടി അതില്‍ വീഴാം. ദൃശ്യങ്ങള്‍ എവിടെ നടക്കുന്നെന്നൊ ഈ സ്ത്രീ ആരെന്നൊ ഈ കുട്ടി അവരുടെ മകനാണെന്നൊ കാര്യമൊന്നും വ്യക്തമല്ല.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതോടെ ഈ സ്ത്രീ വ്യാപകമായ വിമര്‍ശനം ഏറ്റുവാങ്ങി. ഇവര്‍ക്കെതിരേ ക്രിമിനല്‍ നടപടിയെടുക്കണമെന്നാണ് ഒട്ടുമിക്കവരും പറഞ്ഞത്. "അവര്‍ക്ക് മാനസിക ആശുപത്രികളില്‍ നിന്ന് നല്ല ചികിത്സ ആവശ്യമാണ്' എന്നാണ് ഒരാള്‍ കുറിച്ചത്.