ഒരുപക്ഷിയായി പിറവിയെ കൊണ്ടാടുമ്പോള്‍; "അതിരുകടന്ന' വിസ്മയം
Tuesday, September 24, 2024 2:10 PM IST
ജന്മദിനം എല്ലാവര്ക്കും പ്രിയപ്പെട്ടതാണ്. അത് പ്രിയപ്പെട്ടവര്‍ക്കൊപ്പം ആഘോഷിക്കുമ്പോള്‍ ആനന്ദം ഇരട്ടിയാകും. ചില ആഘോഷങ്ങള്‍ അതിരുകടക്കുമെങ്കിലും ചിലത് ആവേശകരമായിരിക്കും.
ഇപ്പോഴിതാ നമ്മുടെ അതിര്‍ത്തി രാജ്യമായ പാക്കിസ്ഥാനിലുള്ള ഒരു യുവതിയുടെ പിറന്നാള്‍ ആഘോഷം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. പാക്കിസ്ഥാന് ഗായികയും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറുമായ റബീക്ക ഖാന് ആണ് ഈ പിറന്നാളുകാരി.
ആളുടെ 20-ാം പിറന്നാള്‍ ഭൂമിയില്‍ മാത്രമല്ല മുകളിലും കൊണ്ടാടി. അതായത് മിഡ്-എയര്‍ ജന്മദിന ഫോട്ടോഷൂട്ട് നടത്തി. ഇതിനായി ഒരു ക്രെയ്ന് അവര്‍ ഉപയോഗിച്ചു.
ഇന്‍സ്റ്റഗ്രാം പ്രകാരം യുവതി ഓറഞ്ച് നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചുനില്‍ക്കുന്നു. മാത്രമല്ല ഒട്ടനവധി ബലൂണുകളും പിടിച്ചാണ് നില്‍പ്പ്. ക്രെയ്നില്‍ യുവതിയെ ഉയര്‍ത്തുകയും ആളുകള്‍ ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ശേഷം ഈ ചിത്രങ്ങള്‍ എഡിറ്റ് ചെയ്ത് ക്രെയ്ന് മാറ്റി.
ചുരുക്കത്തില്‍ യുവതി ബലൂണുകളുമായി വായുവില്‍ പറന്നുനില്ക്കുന്നതായി കാണം. "ഗുഡ്ബൈ കൗമാരക്കാരേ, ഇരുപതാം വയസില്‍ ഹലോ! സാഹസികത തുടങ്ങട്ടെ' എന്ന അടിക്കുറിപ്പോടെ എത്തിയ ചിത്രങ്ങള്‍ക്ക് നിരവധി വിമര്‍ശനവും അഭിനന്ദവും ലഭിച്ചു.
"സാഹസികത അതിരുകടന്നാല്‍ അപകടമാണ്. ക്രെയിന്‍ പൊട്ടിവീണേക്കാം' എന്നാണൊരാള്‍ കുറിച്ചത്. "വ്യത്യസ്തമായ ആഘോഷം, ആവേശം തുടരുക' എന്നാണ് മറ്റൊരാള്‍ കുറിച്ചത്.