"മരണാഭിനയം' നടത്തിയ യുവാവിന് പോലീസ് വക "സമ്മാനം'; വീഡിയോ
Tuesday, September 17, 2024 3:03 PM IST
സമൂഹ മാധ്യമങ്ങളുടെ കാലത്ത് എങ്ങനെയെങ്കിലും വൈറലായാല്‍ മതിയെന്ന് ചിന്തിക്കുന്ന ചില കൂട്ടരുണ്ട്. ഇവര്‍ നടത്തുന്ന ചില കോപ്രായങ്ങള്‍ മറ്റുള്ളവര്‍ക്ക് ശല്യമായി മാറും. ചിലപ്പോള്‍ റീല്‍സിനായി സാഹസികത നടത്തി ഇവര്‍ തന്നെ അപകടത്തില്‍പ്പെടും.
ചിലരുടെ വീഡ്ഢിത്തങ്ങള് അവരെ നിയമപരമായ പ്രശ്നങ്ങളില്‍ എത്തിക്കും. അത്തരത്തിലുള്ള ഒന്നാണിത്.
ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച് റോഡില്‍ ഒരു വിചിത്രമായ കാര്യം ആളുകള്‍ കാണാന്‍ ഇടയായി. ഒരു മൃതദേഹം നടുറോഡില്‍ കിടക്കുന്നു. മൂക്കില്‍ പഞ്ഞിയും ദേഹത്ത് വെളളത്തുണിയും പൂവുമൊക്കെ ഉണ്ട്. കുറച്ചാളുകള്‍ അതിന് ചുറ്റും നില്ക്കുന്നു.
ഈ സമയം വാഹനങ്ങള്‍ പാഞ്ഞ് പോകുന്നുമുണ്ട്. എന്നാല്‍ ഈ വ്യക്തി യഥാര്‍ഥത്തില്‍ മരിച്ചിട്ടില്ല. വീഡിയോയുടെ അവസാനം അയാള്‍ എഴുന്നേറ്റ് ചിരിക്കുന്നതായി കാണാം. മുകേഷ് കുമാര്‍ എന്നയാളാണ് റീല്‍സിനായി ഇത്തരം വിവരക്കേട് കാട്ടിയത്.
സംഗതി പുലിവാലായി. ഇയാളെ വൈകാതെ ലോക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. നല്ല ശിക്ഷ വാങ്ങി നല്‍കാതെ പിന്നോട്ടില്ലെന്നാണ് പോലീസ് പറയുന്നത്. നെറ്റസിണ്സും ഇയാളെ രൂക്ഷമായി വിമര്‍ശിച്ചു. "പ്രശസ്തിക്കായി കാട്ടയത് പ്രശ്നമായി. അനുഭവിക്കൂ' എന്നാണൊരാള്‍ കുറിച്ചത്.